അടൂർ: തമിഴ്നാട്ടില്‍ നിന്നും കുറഞ്ഞവിലയ്ക്ക് വാങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്പനയ്ക്കു കൊണ്ടുവന്ന നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി.
വിപണിയില്‍ ഏകദേശം നാലു ലക്ഷത്തോളം വിലവരുന്ന ഹാന്‍സ്, ഗണേഷ് തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട പുകയില ഉത്പന്നങ്ങളാണ് പത്തനംതിട്ട ജില്ലാ പോലീസ് ആന്റി നാര്‍കോട്ടിക് ടീം പിടിച്ചെടുത്തത്. അടൂര്‍ നെല്ലിമുകള്‍ സ്വദേശി അജിത് കുമാര്‍ (44) അറസ്റ്റിലായി.
അടൂര്‍ സ്വദേശിയായ ജയകുമാറാണ് ഇവയുടെ പ്രധാന വില്പനക്കാരനെന്ന് പോലീസ് സംഘം പറഞ്ഞു. ഇയാൾക്കു വേണ്ടി കാറില്‍ കടത്തിക്കൊണ്ടുവന്ന സാധനങ്ങൾ അടൂര്‍ മാരൂര്‍ ഗവൺമെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപമാണ് പിടികൂടിയത്. ജയകുമാറിനെ കണ്ടെത്താനായില്ല.
നിരോധിത ഹാൻസ്, ഗണേഷ്, കൂൾ 8392 പായ്ക്കുകളാണ് ഉണ്ടായിരുന്നത്. കെഎൽ 02 എഫ്, 5040 എസ്റ്റീം കാറും കസ്റ്റഡിയിലെടുത്തു.. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യസന്ദേശത്തെതുടര്‍ന്ന് ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്. ജോസിന്റെ നിര്‍ദേശാനുസരണം എസ്ഐ രഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആസൂത്രിത നീക്കത്തിലൂടെ ഇവ പിടിച്ചെടുത്തത്.