റാന്നി: കോവിഡ് 19 ആശങ്കയിൽ ഇതര സംസ്ഥാന തൊഴിലാളികളിലും. റാന്നി കേന്ദ്രീകരിച്ച് തൊഴിൽ ചെയ്തിരുന്നവർ കൂട്ടമായി പലായനം ചെയ്തു തുടങ്ങി.
റാന്നിയുടെ പല പ്രദേശങ്ങളിലും താമസിച്ചിരുന്ന തൊഴിലാളികൾ തങ്ങങ്ങളുടെ വസ്ത്രങ്ങളും മറ്റും ബാഗിലാക്കി മടക്കയാത്രയ്ക്കായി ബസ് സ്റ്റോപ്പിലും സ്റ്റാൻഡിലും എത്തുന്നുണ്ട്.
റാന്നി, അങ്ങാടി, പഴവങ്ങാടി, നാറാണംമൂഴി, തുടങ്ങി റാന്നി താലൂക്കിന്റെ വിവിധ പഞ്ചായത്തുകളിൽ നൂറു കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് താമസിച്ചു ജോലി ചെയ്തിരുന്നത്. റാന്നി, അങ്ങാടി, പഴവങ്ങാടി പഞ്ചായത്തുകളിൽ നിർമാണ മേഖലയിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾ യാതൊരു വിധ സൗകര്യങ്ങളും ശുചിത്വവുമില്ലാത്ത അനധികൃത ലോഡ്ജുകളിലാണ താമസിക്കുന്നത്.
ഇതരസംസഥാന തൊഴിലാളികൾ താമസിക്കുന്ന റാന്നിയിലെ ലോഡ്ജുകളിൽ പലതിനും ശൗചാലയങ്ങളും മറ്റ് സൗകര്യങ്ങളും ഇല്ലാത്തവയാണ്.
ബംഗാൾ, ആസാം, ബീഹാർ, ഛത്തീസ്ഗഡ് സംസ്ഥാനക്കാരായ ഇവർ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്നവരും കരാറുകാരുടെ കീഴിൽ നിർമാണ മേഖലയിൽ പണിയെടുക്കുന്നവരുമാണ്. ഇവരുടെ എണ്ണമോ താമസ സ്ഥലമോ ആർക്കും നിശ്ചയമില്ല.
കോവിഡ് 19 ബാധിതരായ ആളുകൾ റാന്നിയിലെ പല സ്ഥാപനങ്ങളിലും എത്തുകയും പലരുമായും സന്പർക്കം പുലർത്തുകയും യാത്ര നടത്തുകയും ചെയ്തിരുന്നു. ഇവിടങ്ങളിൽ പലയിടത്തും ഇതരസംസ്ഥാനക്കാരുടെ സാന്നിധ്യവുമുള്ളതാണ്. ഇത്തരക്കാരെ നിരീക്ഷണത്തിലാക്കാനോ മറ്റോ ആരോഗ്യവകുപ്പിനും സംവിധാനമില്ല.
ഇപ്പോൾ ഇവരുടെ മടക്കവും ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.
റാന്നിയിൽ നിന്നു മടങ്ങുന്നവർ ജില്ലയുടെ മറ്റു ഭാഗങ്ങളിൽ തങ്ങാനാണ് സാധ്യത.