തിരുവനന്തപുരം: കൊറോണ വൈറസ് ബാധിതരുടെ എണ്ണം കേരളത്തിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്നും എന്നാൽ അനാവശ്യ ഭയം വേണ്ടന്നും മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. മേജർ അതിരൂപതയിലെ വൈദികർ കൊറോണ വൈറസിനെതിരേയുള്ള പ്രാർഥനകൾക്കു പ്രാധാന്യം നൽകണമെന്നും ഇതു വിശ്വാസികൾക്കു പകർന്നു നൽകണമെന്നും മേജർ അതിരൂപതയിലെ വൈദികർക്ക് അയച്ച് സന്ദേശത്തിൽ കർദിനാൾ പറയുന്നു.
സംസ്ഥാന ഗവണ്മെന്റും പ്രാദേശിക ഭരണസംവിധാനങ്ങളും കൈക്കൊള്ളുന്ന രോഗപ്രതിരോധ സംവിധാനങ്ങളോടും ചികിത്സാ നടപടികളോടും പൂർണമായി സഹകരിക്കുവാൻ വിശ്വാസികളെ പ്രേരിപ്പിക്കണം. മേജർ അതിരൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങൾ ജില്ലാ കളക്ടറുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വിനോദയാത്രകൾ, യാത്രയയപ്പു സമ്മേളനങ്ങൾ, വാർഷിക പരിപാടികൾ തുടങ്ങിയവ ഒഴിവാക്കുകയും വേണം. സാധാരണ വലിയ നോന്പുകാലത്ത് നടത്താറുള്ള കണ്‍വൻഷനുകൾ ഈ വർഷം ഒഴിവാക്കുന്നതാണ് ഉചിതം. ഈ മാസം 31 വരെ സണ്‍ഡേ സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്.
വിശുദ്ധ കുർബാന മുടക്കേണ്ടതില്ലെന്നും അതേസമയം വിശുദ്ധ കുർബാന വിശ്വാസികൾക്കു കൊടുക്കുന്നതു സംബന്ധിച്ച് യുക്തമായ തീരുമാനം വൈദികർക്ക് എടുക്കാവന്നതാണെന്നും സന്ദേശത്തിൽ പറയുന്നു. ഇടവകകളിൽ താമസിക്കുന്ന വൈദികർ ഇടവകകളിൽതന്നെ ഉണ്ടായിരിക്കുകയും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുകയും ചെയ്യണം. കൊറോണ വൈറസ് പകരുന്ന പശ്ചാത്തലത്തിൽ ലോകത്തിനു മുഴുവൻ വേണ്ടിയും പ്രത്യേകിച്ച് മാതൃരാജ്യത്തിനു വേണ്ടിയും പകുതി നോന്പ് പൂർത്തിയാകുന്ന ഈ മാസം 18ന് മേജർ അതിരൂപത മുഴുവൻ ഉപവസിച്ച് പ്രാർഥക്കണമെന്നും സന്ദേശത്തിൽ പറയുന്നു. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ ഈസ്റ്റർ വരെയുള്ള പൊതു പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.