പത്തനംതിട്ട: ഇറ്റലിയിൽ നിന്നെത്തിയ ഐത്തല സ്വദേശികളുടെ സന്ദർശനത്തിന്റെ പേരിൽ രണ്ടുദിവസം അടച്ചിട്ട റാന്നി - പഴവങ്ങാടി പോസ്റ്റ് ഓഫീസ് താത്കാലിക സംവിധാനത്തിലൂടെ ഇന്നലെ തുറന്നു. ഐത്തല സ്വദേശികൾ രണ്ടുതവണ സന്ദർശനം നടത്തിയ റാന്നി പഴവങ്ങാടി പോസ്റ്റ് ഓഫീസിലെ മുഴുവൻ ജീവനക്കാരും തിങ്കളാഴ്ച അവധിയിൽ പ്രവേശിച്ചിരുന്നു.
വീടുകളിൽ നിരീക്ഷണത്തിലായ ഇവർക്കു പകരമായി പഴവങ്ങാടിയിൽജോലി ചെയ്യാൻ ആരും തയാറാകാതെ വന്നതോടെ രണ്ടുദിവസം പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചതേയില്ല.
റാന്നി പോസ്റ്റ് ഓഫീസിലാണ് പഴവങ്ങാടിയിലെ തപാൽ ഉരുപ്പടികൾ സ്വീകരിച്ചത്. അവിടെനിന്ന് പഴവങ്ങാടിയിലെത്തിച്ച് അത്യാവശ്യ ഉരുപ്പടികളുടെ വിതരണം മാത്രമേ നടന്നിരുന്നുള്ളൂ.
ഇന്നലെ റാന്നി പോസ്റ്റ് ഓഫീസിൽ നിന്ന് താത്കാലികമായി ജീവനക്കാരെ എത്തിച്ച് പോസ്റ്റ് ഓഫീസ് തുറന്നു. പോസ്റ്റുമാന്റെ അഭാവത്തിൽ തപാൽ വിതരണം പുനരാരംഭിക്കാനായിട്ടില്ല.ഒരു ജീവനക്കാരി മാത്രം ഉണ്ടായിരുന്ന മൈലപ്ര പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനവും രണ്ടുദിവസമായി തടസപ്പെട്ടിരുന്നു.
ഇറ്റലിയിൽ നിന്നെത്തി നിരീക്ഷണത്തിലായ ആൾ തന്റെ വീട്ടിൽ താമസിച്ചുവെന്ന പേരിൽ നിരീക്ഷണത്തിനുവേണ്ടി ജീവനക്കാരി അവധിയിൽ പ്രവേശിച്ചതോടെയാണ് മൈലപ്രയിലും പോസ്റ്റ് ഓഫീസ് പ്രവർത്തനം തടസപ്പെട്ടത്.
മൈലപ്രയിലെ പ്രവർത്തനവും പുനരാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.