പത്തനംതിട്ട: കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലാഭരണകൂടം പുറത്തുവിട്ട ഫ്ളോ ചാർട്ട് കണ്ട് ഇന്നലെ 70 പേരുടെ വിളിയെത്തി. കൊറോണ ബാധിതരെന്നു കണ്ടെത്തിയവരുടെ സഞ്ചാരപഥത്തിന്റെ പൂർണവിവരണമാണ് പുറത്തുവിട്ടത്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പട്ടികയിൽ വിട്ടുപോയ ചില സ്ഥാപനങ്ങൾ കൂടി ഉൾപ്പെടുത്തി ഇന്നലെ പട്ടിക പുനഃക്രമീകരിച്ചു പ്രസിദ്ധീകരിച്ചു.
ഇന്നലെ വിളിച്ചവരിൽ 15 പേർ പ്രാഥമികമായി രോഗബാധിതരുമായി സന്പർക്കമുള്ളവരുടെപട്ടികയിൽ ഉൾപ്പെട്ടവരാണെന്ന് പരിശോധനയിൽ കണ്ടെത്തി. ലിസ്റ്റിൽ ഇല്ലാതിരുന്ന ഒരാളെ കണ്ടെത്തുകയും അയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിലാക്കുകയും ചെയ്തു.
ബാക്കിയുള്ളവർ വീടുകളിൽ കഴിയുകയാണെന്നും ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു.
പത്തനംതിട്ട ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച എഴുപേർ 2020 ഫെബ്രുവരി 29 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർച്ച് ആറു വരെയുള്ള ദിവസങ്ങളിൽ യാത്ര ചെയ്തിട്ടുള്ള പൊതുസ്ഥലങ്ങൾ, അവിടെ അവർ ചിലവഴിച്ച സമയം എന്നീ കാര്യങ്ങളാണ് ഫ്ളോ ചാർട്ടിലൂടെ പ്രസിദ്ധീകരിച്ചത്.