പത്തനംതിട്ട: കോവിഡ് 19 സ്ഥിരീകരിച്ചവർ ചികിത്സയിലുള്ള പത്തനംതിട്ട, കോഴഞ്ചേരി സർക്കാർ ആശുപത്രികളിലേക്ക് രോഗികളുടെ വരവ് കുറഞ്ഞു. ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിരിക്കുന്ന ആശുപത്രികളിലെ ഒപികളിലേക്ക് വളരെ കുറച്ച് ആളുകൾ മാത്രമാണ് എത്തുന്നത്. ഐപി വിഭാഗത്തിൽ നിന്നും ആളും കുറഞ്ഞു.
കോഴഞ്ചേരി: കൊറോണ രോഗബാധ കോഴഞ്ചേരിയെയും പിടിച്ചുലച്ചു. റാന്നി, പത്തനംതിട്ട ടൗണുകൾക്ക് സമാനമാണ് കോഴഞ്ചേരിയിലെ സ്ഥിതി. നിരത്തുകളിൽ ആളുകൾ കുറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾ തുറന്നിട്ടുണ്ടെങ്കിലും തിരക്കില്ല. ബസ് സ്റ്റാൻഡില്‍ ബസുകള്‍ ഉണ്ടെങ്കിലും യാത്രക്കാര്‍ ഇല്ല. സ്റ്റാൻഡും പരിസരവും വിജനമാണ്.
കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നാലു പേരില്‍ രണ്ട് പേര്‍ക്ക് കോവിഡ്- 19 കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതോടെയാണ് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടത്.ഏറെ ബാങ്കുകളും ആശുപത്രികളുമുള്ള കോഴഞ്ചേരിയില്‍ എല്ലാ ജീവനക്കാരും ജാഗ്രതയിലാണ്. ബാങ്ക് ജീവനക്കാര്‍ മാസ്കിനൊപ്പം കൈയുറകള്‍ കൂടി ധരിച്ചാണ് ഇടപാടുകൾ നടത്തുന്നത്. സ്വകാര്യ ആശുപത്രികളിലും ജാഗ്രതയോടെയുള്ള കനത്ത സുരക്ഷാ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ആശുപത്രിയില്‍ കൊറോണ വാര്‍ഡ് തുറന്നതോടെ ചികിത്സ തേടി എത്തുന്നവര്‍ വിരലിലെണ്ണാവുന്ന സ്ഥിതിയിലായി. അത്യാഹിത വിഭാഗത്തില്‍ പോലും ആളില്ലാത്ത സ്ഥിതിയാണ്. ശരാശരി 1200 രോഗികള്‍ വരെ ചികിത്സ തേടി എത്തുന്നിടത്ത് ഇന്നലെ എത്തിയത് 250 പേര് മാത്രം. ശിശുരോഗ വിഭാഗത്തിലായിരുന്നു ഏറ്റവും കൂടുതല്‍ പേര് പതിവായി എത്തിയിരുന്നത്.
ശിശുരോഗ വിഭാഗത്തിലെ ഡോ. ലക്ഷ്മി രേഖ പ്രതിദിനം മുന്നൂറോളം കുട്ടികളെയാണ് പരിശോധിച്ചിരുന്നത്. എന്നാല്‍ ഇന്നലെ എത്തിയത് ആറു പേര് മാത്രം. വാര്‍ഡുകളില്‍ കിടക്കകള്‍ കാലിയായി. ബിപി കിറ്റ്, മാസ്ക് തുടങ്ങി എല്ലാ സജ്ജീകരണങ്ങളും ആശുപത്രിയിലുണ്ട്.