പത്തനംതിട്ട: പ്രളയത്തിൽ നശിച്ച വീട് പുതുക്കി പണിയാൻ ലഭിച്ച ആനുകൂല്യം അപര്യാപ്തമാണെന്ന പരാതി ഒരിക്കൽകൂടി പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
2018 ലെ പ്രളയത്തിലാണ് ആറന്മുള ഇടയാറൻമുള മുറി സ്വദേശി പി.എൻ. ഗോപാലപിള്ളയുടെ വീടിന്റെ 50 ശതമാനം നശിച്ചത്. വില്ലേജ് ഓഫീസ് മുതൽ കളക്ടറേറ്റ് വരെ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. പരാതിക്കാരനും ഭാര്യയും പ്രായമായവരാണ്. സാന്പത്തിക ബുദ്ധിമുട്ടും അനുഭവിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരന്റെ വീടിന് 15 ശതമാനം നാശനഷ്ടമാണ് കണക്കാക്കിയതെന്നും നഷ്ടപരിഹാരമായി 10,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.കമ്മീഷൻ മുന്പാകെ ഹാജരായ പരാതിക്കാരൻ വീടിനുണ്ടായ കേടുപാടുകളുടെ ചിത്രങ്ങൾ ഹാജരാക്കിയ സാഹചര്യത്തിലാണ് ഉത്തരവ്.