റാന്നി: പണി തീരാത്ത ജലവിതരണക്കുഴൽ നാട്ടുകാർക്ക് ശാപമാകുന്നു. റാന്നിയിലെ ജലവിതരണ കുഴലുകളാണ് ദിവസേന പൊട്ടുന്നത്. കാലപ്പഴക്കം കാരണം തുരുന്പിച്ച് ദ്രവിച്ച ജലവിതരണക്കുഴലുകൾ പൊട്ടി വെള്ളം പാഴാകുകയാണ്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടു പ്രാവശ്യം പൊട്ടിയ കുഴലാണ് ഇപ്പോൾ വീണ്ടുപൊട്ടി ജലവിതരണം നിലച്ചിരിക്കുകയാണ്.
അങ്ങാടി പുളിമുക്ക് കടവിൽ നിന്നും പന്പ് ചെയ്ത് എബനേസർ, മണ്ണാറത്തറ, തുടങ്ങിയ സ്ഥലങ്ങളിലെ ടാങ്കിലേക്കു വെള്ളം മെത്തിക്കുന്ന വലിയ കുഴലാണ് അങ്ങാടി മാർത്തോമ്മാ ആശുപത്രി പടിക്കൽ പൊട്ടി ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച ഇതേ സ്ഥലം പൊട്ടി റിപ്പയർ ചെയ്തു തീർന്നതിന്റെ തൊട്ടടുത്ത ഭാഗം പൊട്ടി വെള്ളം പാഴാകുകയാണ്. വേനൽക്കാലം രൂക്ഷമായതിനെ തുടർന്ന് ജലക്ഷാമം കൂടുതൽ അനുഭവപ്പെടുന്ന സ്ഥലമാണ് അങ്ങാടി പഞ്ചായത്തിലെ, മണ്ണാരത്തറയും സമീപ പ്രദേശങ്ങളും. ഈ പ്രദേശങ്ങളിലുള്ളവർക്കാണ് ഇപ്പോൾ ഈ പൈപ്പ് പൊട്ടൽ കാരണം തിരിച്ചടിയായിരിക്കുന്നത്.
താലൂക്കിലെ മിക്ക ജലവിതരണ കുഴലുകളുടെയും അവസ്ഥ ഇതുതന്നെയാണ്.
കാലപ്പഴക്കത്താൽ ദ്രവിച്ച ജലവിതരണ കുഴൽ മാറ്റി പുതിയ വ സ്ഥാപിച്ചാൽ മാത്രമേ മലയോര മേഖലകളിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുകയുള്ളു.
പന്പാനദിയിൽ ജലനിരപ്പ് കുറവയതിനാൽ പല കിണറുകളുടെ സമീപത്ത് മണൽചാക്ക് അടുക്കി താത്കാലിക തടയണ നിർമിച്ചാണ് ഇപ്പോൾ വെള്ളം പന്പ് ചെയ്യുന്നത്.
നദിയിലെ ജലദൗർലഭ്യസമയത്ത് പന്പിംഗ് കുറയ്ക്കുകയും ഇക്കൂട്ടത്തിൽ തുടർച്ചയായി കുഴലുകൾ പൊട്ടുകയും ചെയ്യുന്പോൾ മലയോര മേഖലകളിൽ കുടിവെള്ള പ്രശ്നം രൂക്ഷമാകുകയാണ്.