പത്തനംതിട്ട: കോവിഡ 19 മായി ബന്ധപ്പെട്ട് ജില്ലയിൽ വീടുകളിലെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1237 ആയി വർധിച്ചു. ഐത്തല, വടശേരിക്കര സ്വദേശികളുടെ യാത്രാവിവരണം ഉൾപ്പെടുത്തി കഴിഞ്ഞദിവസം പുറത്തുവിട്ട ചാർട്ടിലെ സ്ഥലങ്ങളിൽ അതേസമയം എത്തിയവരാണ് കൂടുതലായി ഇന്നലെ ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ടത്. ഇവരെ വീടുകളിൽ നിരീക്ഷണത്തിലാക്കി.
കോവിഡ് 19 സ്ഥിരീകരിച്ചവരുമായി നേരിട്ട ബന്ധപ്പെട്ട 48 പേരെയും രണ്ടാംഘട്ടത്തിലായി 256 പേരെയും ഇന്നലെ തിരിച്ചറിഞ്ഞു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 17 പേരും, കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ 10 പേരും തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ ഒരാളുമാണ് ഐസോലേഷനിലുള്ളത്.
ഇന്നലെ പുതുതായി ആറുപേരെ ആശുപത്രി ഐസോലേഷനിൽ പ്രവേശിപ്പിച്ചപ്പോൾ നേരത്തെയുണ്ടായിരുന്ന പത്തുപേരെ ഡിസ്ചാർജ് ചെയ്തു.ഇതര രാജ്യങ്ങളിൽ നിന്നും വന്ന രണ്ടു പേരെ നിരീക്ഷണത്തിലാക്കി. ഇതോടെ ഇതര രാജ്യങ്ങളിൽ നിന്നും വന്ന19 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
സർക്കാർ മേഖലയിൽ 60 കിടക്കകളും, സ്വകാര്യ മേഖലയിൽ 48 കിടക്കകളും രോഗികളെ അവശ്യഘട്ടത്തിൽ ഐസോലേറ്റ് ചെയ്യുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്.
ജില്ലയിൽ നിന്നും ഇന്നലെ ഒന്‍പത് സാന്പിളുകൾ ഉൾപ്പെടെ ആകെ 63 സാന്പിളുകൾപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതേവരെ അയച്ച സാന്പിളുകളിൽ ഒന്‍പതെണ്ണം പോസിറ്റീവായും 16 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 33 സാന്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയിൽ കൊവിഡ്-19 രോഗബാധ സംശയിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളുടെ രോഗാവസ്ഥ വിശകലനം, ഡിസ്ചാർജ് തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിനുവേണ്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ചെയർമാനായ ജില്ലാതല മെഡിക്കൽ ബോർഡ് രൂപീകരിച്ചു.