തിരുവല്ല: തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ കാണാനില്ലെന്നു ബന്ധുക്കളുടെ പരാതി. ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന സഹോദരന് കൂട്ടിരിക്കാന്‍ പോയ യുവാവിനെ മദ്യപിച്ച ബഹളം വച്ചെന്ന പരാതിയിലാണ് തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തതായി പറയുന്നു. യുവാവിനെ പിറ്റേന്നുതന്നെ ബസ് കയറ്റി വിട്ടുവെന്നാണ് പോലീസ് പറയുന്നത്.
പക്ഷേ, ബന്ധുക്കളുടെ പരാതിയില്‍ എഫ്ഐആര്‍ ഇട്ടപ്പോള്‍ അതില്‍ പറയുന്നത് യുവാവിനെ പുഷ്പഗിരി മെഡിക്കല്‍ കോളജ് പരിസരത്ത് നിന്ന് കാണാതായെന്നാണ് കാട്ടിയിരിക്കുന്നത്. അടൂര്‍ പള്ളിക്കല്‍ സുജിത്ത് നിവാസില്‍ സുരാജി(28)നെയാണ് കഴിഞ്ഞ ആറിനു രാത്രി മുതല്‍ കാണാതായതായി ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. മൂത്ത സഹോദരന് സുജിത്തിന്റെ കൈ ഒടിഞ്ഞതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയാണ്. മാര്‍ച്ച് ആറിന് രാത്രി സുരാജാണ് ചേട്ടന് കൂട്ടിരിക്കാന്‍ പോയത്. വാര്‍ഡിലുള്ള മറ്റു രോഗികളുടെ ബന്ധുക്കളുമായി ഇയാള്‍ വഴക്കുണ്ടാക്കി.
തുടര്‍ന്ന് 112 നമ്പരില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് തിരുവല്ല പോലീസെത്തി ഇയാളെ കൂട്ടിക്കൊണ്ടു പോയി. അതിന് ശേഷം ആരും ഇയാളെ കണ്ടിട്ടില്ലെന്നാണ് പരാതി. പിറ്റേന്ന് സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ രാത്രി മുഴുവന്‍ ഇവിടെ ഇരുത്തിയ ശേഷം രാവിലെ തന്നെ ബസ് സ്റ്റാന്‍ഡില്‍ എത്തിച്ച് ബസ് കയറ്റി വിട്ടെന്നാണ് പറഞ്ഞതെന്ന് ബന്ധുക്കള്‍ പറയുന്നു. വൈകുന്നേരം വരെ സുരാജ് വീട്ടിലെത്താതെ വന്നപ്പോള്‍ അന്ന് വൈകുന്നേരം ബന്ധുക്കള്‍ അടൂര്‍ പോലീസ് സ്റ്റേഷനില്‍ ആളിനെ കാണാനില്ലെന്നു പരാതി നല്കി.
അടൂരില്‍ നിന്ന് പരാതി തിരുവല്ല പോലീസിലേക്ക് കൈമാറി. അവിടെ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഇട്ട എഫ്ഐആറില്‍ സുരാജിനെ മെഡിക്കല്‍ കോളജ് പരിസരത്ത് നിന്ന് കാണാതായെന്നാണ് പറയുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോലീസ് കള്ളക്കളി നടത്തുന്നെന്നാണ് ബന്ധുക്കളുടെ പരാതി. പോലീസ് ഇയാളെ ബസ് സ്റ്റാന്‍ഡില്‍ ഇറക്കി എന്നു പറയുന്നത് ബന്ധുക്കള്‍ വിശ്വസിക്കുന്നില്ല.