മലയോര ജനതയുടെ സ്വപ്നമായ മലയോര ഹൈവേയിൽ കോഴിക്കോട് ജില്ലയിലെ ആദ്യ റീച്ച് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള 34.3 കിലോമീറ്ററാണു ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുന്നത്. 2020 ഓഗസ്റ്റ് 11ന് ആണു റോഡ് നിർമാണം അന്നത്തെ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തത്.
24 മാസം ആയിരുന്നു നിർമാണ കാലാവധി. കോവിഡും ചില മേഖലകളിൽ സ്ഥലം വിട്ടുകിട്ടാനുള്ള കാലതാമസവും കാരണം നിർമാണം രണ്ടരവർഷം വൈകി.155 കോടി രൂപയ്ക്ക് ഊരാളുങ്കൽ ലേബർ സൊസൈറ്റി ആണ് റോഡ് നിർമാണ കരാർ ഏറ്റെടുത്തത്. റോഡിന് ഇരുവശത്തും സൗജന്യമായാണു ജനങ്ങൾ നവീകരണത്തിനു സ്ഥലം വിട്ടുകൊടുത്തത്12 മീറ്റർ വീതിയുള്ള റോഡിൽ ബിഎം-ബിസി നിലവാരത്തിലുള്ള ടാറിംഗാണ്.
ഇരുവശങ്ങളിലും പൂട്ടുകട്ട വിരിച്ചു. റോഡിന്റെ വശങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചു. ഇരു വശങ്ങളിലും ഓട, ഭൂഗർഭ കേബിളുകളും പൈപ്പുകളും കടന്നു പോകാനുള്ള കോൺക്രീറ്റ് ചാലുകൾ, കാര്യേജ് വേ, പ്രധാന കവലകളിൽ പൂട്ടുകട്ട പാകിയ നടപ്പാതകൾ, സൗരോർജ വിളക്കുകൾ, ട്രാഫിക് സിഗ്നൽ ലൈറ്റുകൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവയുണ്ട്.മലയോര ഹൈവേ ഹൈ ടെക് ആയെങ്കിലും ഇതിലെ 4.44 കിലോമീറ്റർ ദൂരം ഇപ്പോഴും പഴയ റോഡാണ്ഉപയോഗിക്കുന്നത്.