തിരുവനന്തപുരം: കോവിഡ് 19 പടരുന്നതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ നഗരസഭ ഉൗർജിതമാക്കി. മേയറുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥൻമാരുടെ അടിയന്തര യോഗം ചേർന്നു.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, നഗരസഭയ്ക്ക് കീഴിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേയും താലൂക്ക് ആശുപത്രികളിലേയും ഡോക്ടർമാർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ആക്ഷൻപ്ലാൻ തയാറാക്കി ഇന്ന് രാവിലെ 11.30 ന് പ്രഖ്യാപിക്കും.
31 വരെ നഗരസഭയുടെ നേതൃത്വത്തിൽ ചെയ്യേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ ആക്ഷൻ പ്ലാനിലുണ്ടാകും. ആക്ഷൻപ്ലാനിന്റെ ഭാഗമായി നഗരസഭയ്ക്ക് കീഴിലുള്ള ഐപി സൗകര്യങ്ങളുള്ള സിഎച്ച്സി കേന്ദ്രങ്ങളിലേയും താലൂക്ക് ആശുപത്രികളിലേയും പത്ത് ശതമാനം വാർഡുകളെ ഐസോലേഷൻ വാർഡുകളാക്കി മാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആക്ഷൻപ്ലാനിലുൾപ്പെടുത്താൻ നഗരസഭ ആലോചിക്കുന്നുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാരംഭനടപടിയായി നഗരസഭയിലെ പഞ്ചിംഗ് നിർത്തിവക്കുകയും 31 വരെയുള്ള പൊതുപരിപാടികളും മാറ്റി വച്ചതായും മേയർ അറിയിച്ചു.
നഗരസഭയിലെ ജീവനക്കാർക്കുള്ള മാസ്ക്, സാനിറ്റൈസർ എന്നിവവിതരണം ചെയ്തു.ഡപ്യൂട്ടി മേയർ രാഖി രവികുമാർ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഐ.പി. ബിനു, വഞ്ചിയൂർ. പി. ബാബു, പാളയം രാജൻ, നഗരസഭാ സെക്രട്ടറി. എൽ. എസ്. ദീപ, ഹെൽത്ത് ഓഫീസർ ഡോ. എ.ശശികുമാർ എന്നിവർ പങ്കെടുത്തു.