വെഞ്ഞാറമൂട്: മൃതദേഹവുമായി പോയ ആംബുലന്‍സ് കത്തിനശിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് വെഞ്ഞാറമൂട് ജംഗ്ഷന് സമീപത്തു വച്ചായിരുന്നു അപകടം. തീ പടരും മുന്‍പ് ആംബുലന്‍സ് നിര്‍ത്തി മൃതദേഹംമാറ്റി ഒപ്പമുണ്ടായിരുന്ന മൂന്ന് പേരും ഡ്രൈവറും ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.
ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കൊട്ടാരക്കരക്ക് കൊണ്ടുപോവുകയായിരുന്നു. കൊട്ടാരക്കര തലച്ചിറ സ്വദേശി കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള ആംബുലന്‍സാണ് കത്തിനശിച്ചത്.
ആംബുലന്‍സ് വെഞ്ഞാറമൂട് ജംഗ്ഷനില്‍ എത്തിയപ്പോള്‍ എന്ജിന് ഭാഗത്ത് നിന്നും പുക ഉയര്‍ന്നിരുന്നു. ഇതുകണ്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി ഒപ്പമുണ്ടായിരുന്നവരെ മാറ്റുകയായിരുന്നു.
വിവരമറിഞ്ഞ് വെഞ്ഞാറമൂട് അഗ്നിശമന സേന എത്തിയെങ്കിലും ആംബുലന്‍സ് പൂര്‍ണമായും കത്തി നശിച്ചു. മൃതദേഹം പിന്നീട് മറ്റൊരു ആംബുലന്‍സില്‍ കൊട്ടാരക്കരയിലേക്ക് കൊണ്ടുപോയി.