വിഴിഞ്ഞം : കൊറോണ വൈറസ് ബാധ തടയാൻ പഴുതടച്ചുള്ള നടപടിയുമായി അധികൃതർ.കേന്ദ്രസമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിലെ മറൈൻ അക്വേറിയം അടച്ചു പൂട്ടി.കോവളം ബീച്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ഉല്ലാസ ബോട്ട് സർവീസുകൾ നിർത്തലാക്കിയ അധികൃതർ ലൈറ്റ് ഹൗസിലേക്കുള്ള സന്ദർശകർക്കും വിലക്കേർപ്പെടുത്തി.
ദിനംപ്രതി നൂറ് കണക്കിന് വിദേശികളും ഇതര സംസ്ഥാന സഞ്ചാരികളും സന്ദർശിക്കുന്ന മറൈൻ അക്വേറിയം കൊച്ചിയിൽ നിന്നുള്ള ഉന്നതരുടെ നിർദേശപ്രകാരം ഇന്നലെ മുതൽ അടച്ചിട്ടു. ഇന്നു മുതൽ ഓഫീസുകൾ മാത്രം പ്രവർത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.വിനോദ സഞ്ചാരികളുമായി കടലിലേക്ക് പായുന്ന കോവളത്തെയും പൂവാർ ആറ്റുപുറത്തെയും ഉല്ലാസ ബോട്ടുകൾ ഇനിയൊരറിയിപ്പു ഉണ്ടാകുന്നതുവരെ വെള്ളത്തിലിറക്കരുതെന്ന മുന്നറിയിപ്പ് നോട്ടീസ് ഇന്നലെ കോവളത്തെ പ്രധാന കേന്ദ്രങ്ങളിൽ പോർട്ട് ഓഫീസർ ജിസ്മോൻ ജേക്കബ്, പോർട്ട് കൺസർവേറ്റർ കിരൺ എന്നിവരുടെ നേതൃത്വത്തിൽ പതിച്ചു.
ഇത് ലംഘിക്കുന്നവർക്കെതിരെ പോലീസുമായി ചേർന്ന് കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.ഇതോടെ പൂവറിൽ പ്രവർത്തിച്ചിരുന്ന മുപ്പത്തി രണ്ടോളംബോട്ട് ക്ലബുകൾ അടച്ചു പൂട്ടി ബോട്ടുകളെ കരക്കടുപ്പിച്ചു. ഉല്ലാസത്തിന് സർഫ് ബോർഡുകൾ വാടകയ്ക്ക് നൽകുന്നതിനും നിരോധനം ഏർപ്പെടുത്തി.
പുതുക്കിപ്പണിയും ആധുനീക സജീകരണങ്ങൾ ഒരുക്കലും കഴിഞ്ഞ് സഞ്ചാരികളുടെ തിരക്ക് കൂടിയ കോവളത്തെ ലൈറ്റു ഹൗസും ഇന്നലെ മുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അനിശ്ചിതകാലത്തേക്ക് അടച്ച് പൂട്ടിയ ബോർഡ് സ്ഥാപിച്ചു. ഓഫീസ് പതിവ് പോലെ പ്രവർത്തിക്കുമെങ്കിലും നിരോധന മറിയാതെ വരുന്ന സഞ്ചാരികളെ പ്രധാനകവാടത്തിൽ തടയും.