തിരുവനന്തപുരം: ജനറൽ ആശുപത്രി, മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലെ ഐസൊലേഷൻ സൗകര്യം കൂടാതെ ജില്ലാ,താലൂക്ക് ആശുപത്രികൾ,സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മുൻകരുതൽ എന്ന നിലയിൽ ഐസൊലേഷൻ വാർഡുകളും റൂമുകളും തയാറാക്കുവാൻ ആശുപത്രി സൂപ്രണ്ടുമാർക്കും മെഡിക്കൽ ഓഫീസർമാർക്കും ജില്ലാ കളക്ടർ നിർദേശം നൽകി.
സ്വകാര്യ ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഐഎംഎ ഭാരവാഹികളുടെയും സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളുടെയും യോഗം ചേർന്നു. കൂടുതൽ ഐസൊലേഷൻ വാർഡുകൾ,റൂമുകൾ,ഐസിയുകൾ,വെന്റിലേറ്ററുകൾ എന്നിവ വിട്ട് നൽകാമെന്ന് അവർ യോഗത്തിൽ അറിയിച്ചു.ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ ആംബുലൻസുകളുടെ സേവനം വിട്ട് നൽകുമെന്ന് യോഗത്തിൽ അറിയിച്ചു.സ്വകാര്യ മെഡിക്കൽ കോളജുകളിലെ ഹൗസ് സർജൻമാരുടെയും പിജിവിദ്യാർഥികളുടെയും സേവനം രോഗനിരീക്ഷണ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുവാൻ യോഗം തീരുമാനിച്ചു. ഇന്നലെ ജില്ലയിൽ പുതുതായി 35 പേർ രോഗ നിരീക്ഷണത്തിലായി.
ജില്ലയിൽ ഇതുവരെ 794 പേരെയാണ് സ്ക്രീനിംഗിന് വിധേയരാക്കിയത് ജില്ലയിൽ 135 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ ഇന്നലെ ഏഴു പേരും മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ ആറ് പേരും നിരീക്ഷണത്തിലുണ്ട്. പരിശോധനയ്ക്കായി അയച്ച 190 സാമ്പിളുകളിൽ 121 പരിശോധനാഫലം ലഭിച്ചു എല്ലാ റിസൽട്ടുകളും നെഗറ്റീവാണ്. 69 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ഇന്നലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 1903 യാത്രക്കാരെയും സ്ക്രീനിംഗിന് വിധേയരാക്കി.രോഗലക്ഷണങ്ങളുണ്ടായിരുന്ന പത്ത് പേരെ റഫർ ചെയ്തു. ഡൊമസ്റ്റിക് എയർപോർട്ടിൽ 124 പേരെ സ്ക്രീൻ ചെയ്തു .മാസ്ക് എല്ലാവരും ഉപയോഗിക്കേണ്ടതില്ലെന്നും രോഗലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും മാസ്ക് നിർബന്ധമായും ധരിക്കണമെന്നും അധികൃതർ പറഞ്ഞു. തൂവാല ത്രികോണാകൃതിയിൽ മടക്കി മൂക്കും വായും മറയുന്ന തരത്തിൽ കെട്ടിയാലും ആവശ്യമായ സംരക്ഷണം ലഭ്യമാകും.