തിരുവനന്തപുരം: വഞ്ചിയൂർ വില്ലേജിലെ പാത്രക്കുളത്തിൽ ചട്ടന്പി സ്വാമിയടെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം മാത്രം വിദ്യാധിരാജസഭയ്ക്ക് അപേക്ഷ സമർപ്പിക്കുന്ന പക്ഷം പതിച്ചു നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.ഇതിനായി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു. ഒ. രാജഗോപാലിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.
പാത്രക്കുളത്തിലെ 65 സെന്റ് ഭൂമി സർക്കാർ തിരിച്ചെടുത്തതു നിയമാനുസൃത നടപടിക്രമങ്ങൾ മാത്രമാണ്.
തിരിച്ചെടുത്ത സ്ഥലം കിഴക്കേക്കോട്ട, തന്പാനൂർ ഭാഗങ്ങളിലെ വെള്ളപ്പൊക്ക നിവാരണത്തിന് ഉപയോഗിക്കുന്നതിനെക്കുറിച്ചു സാങ്കേതിക പഠനം നടത്തും.
1976ൽ 65 സെന്റ് സർക്കാർ ഭൂമി വിദ്യാധിരാജ സഭയ്ക്ക് വ്യവസ്ഥകൾക്കു വിധേയമായി പതിച്ചു നൽകിയിരുന്നു. എന്നാൽ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടതിനെത്തുടർന്ന് അത് 2007ൽ സർക്കാർ റദ്ദുചെയ്തു.
ഇതിനെതിരെ വിദ്യാധിരാജ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിക്കുകയും തുടർന്ന് ഹിയറിംഗുകളുടെയും മറ്റും അടിസ്ഥാനത്തിൽ ഭൂമി തിരിച്ചെടുക്കുന്നതിനു സർക്കാർ ഉത്തരവാകുകയും ചെയ്തു.
ട്രസ്റ്റ് വീണ്ടും കോടതിയെ സമീപിച്ചതിനെ തുടർന്നു ബന്ധപ്പെട്ടവരെ വീണ്ടും കേൾക്കുകയും വിദ്യാധിരാജസഭ വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തി ഭൂമി സർക്കാർ ഭൂമിയായി സംരക്ഷിക്കാൻ ഉത്തരവ് നൽകുകയെന്നും മന്ത്രി പറഞ്ഞു.