വിതുര : വിതുരയിൽ കൊറോണ സ്ഥിരീകരിച്ചെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിതുര തോട്ടുമുക്കിൽ നിന്നും ഉംറയ്ക്ക് പോയി മടങ്ങിയെത്തിയ ചിലരെ പരിശോധനയ്ക്ക് വിധേയമാക്കുകയും രോഗബാധയില്ലാത്തതിനാൽ വീടുകളിലേയ്ക്ക് തിരികെ അയക്കുകയും ചെയ്തിരുന്നു. എന്നാൽ ഉംറ കഴിഞ്ഞെത്തിയവർക്ക് കൊറോണ സ്ഥിരീകരിച്ചെന്നും ഇവരെ ഐസിയുവിൽ പ്രവേശിപ്പിച്ചെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടുകൂടി പ്രദേശവാസികൾ ആശങ്കയിലായി. തുടർന്നാണ് ബന്ധുക്കൾ നൽകിയ പരാതിയിൽ വിതുര പോലീസ് അന്വേഷണം ആരംഭിച്ചത്. വിദേശത്ത് നിന്നെത്തിയവരെ പരിശോധയ്ക്കു ശേഷം മടക്കി അയച്ചെന്നും മേഖലയിൽ കൊറോണ ലക്ഷണങ്ങൾ ആർക്കുമില്ലെന്നും മെഡിക്കൽ ഓഫീസർ ശശി പറഞ്ഞു.