വെള്ളറട: കോവിഡ് 19 പകര്‍ച്ചവ്യാധിക്കെതിരെ ആനാവൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ എസ്പി സി യൂണിറ്റ് ജാഗ്രതാ സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് പരേഡ് നടത്തി.മണവാരി ജംഗ്ഷനില്‍ നടത്തിയ കൊറോണ ജാഗ്രതാ സന്ദേശ പരിപാടി മാസ്കുകള്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കു നല്‍കിക്കൊണ്ട് ആരംഭിച്ചു.
കേഡറ്റുകള്‍ തയാറാക്കിയ കൊറോണ മുന്‍കരുതല്‍ ,ലക്ഷണങ്ങള്‍ ,പ്രതിരോധം തുടങ്ങിയ വിവരങ്ങളടങ്ങിയ ലഘു ലേഖകള്‍ വിതരണം ചെയ്തു .സമാനതകളില്ലാത്ത നിരവധി പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട എസ്പിസി യൂണിറ്റാണ് ആനാവൂര്‍ ഗവ ഹയര്‍ സെക്കൻഡറി സ്കൂളിലേത്.കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ സ്റ്റുഡന്സ്പോലീസ് വിഭാഗത്തില്‍ ആനാവൂര്‍ എച്ച്എസ്എസിലെ 25 കേഡറ്റുകളെ സമാധാന അമ്പാസിഡര്‍മാരായി ഗിന്നസ് സംഘാടകര്‍ തെരഞ്ഞെടുത്തിരുന്നു.
പേപ്പര്‍ ക്യാരി ബാഗ് നിര്‍മിച്ച് വീടുകള്‍ തോറും വിതരണം ചെയ്ത് നാട്ടില്‍ പ്ലാസ്റ്റിക് വിരുദ്ധ പോരാട്ടം നയിച്ചും, സ്കൂളിനു സമീപ പ്രദേശങ്ങളില്‍ വിശന്നിരിക്കുന്നവര്‍ക്ക് പൊതിച്ചോര്‍ വിതരണം ചെയ്തും, ഭിന്നശേഷിക്കാരായ സഹ പാഠികള്ക്കായി സോപ്പ നിര്‍മാണ വിതരണ യൂണിറ്റ് രൂപീകരിച്ചും ,ആരോഗ്യ പരിപാലന രംഗത്ത് ജീവാമൃതം എന്ന പേരില്‍ പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ നടത്തിയും ,മയക്കുമരുന്നിനും മദ്യത്തിനുമെതിരേ മികച്ച സോദാഹരണ ക്യാമ്പുകള്‍ നടത്തിയും ആനാവൂരിലെ കുട്ടിപ്പോലീസ് ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. മാരായമുട്ടം പോലീസ് സ്റ്റേഷന്റെ നിയന്ത്രണത്തില്‍ പരിശീലനം ലഭിച്ചു വരുന്ന യൂണിറ്റിന്റെ നേതൃത്വം സൗദീഷ് തമ്പി ,സുഗതകുമാരി എന്നീ അധ്യാപകരാണ് വഹിക്കുന്നത്.