നെടുങ്കണ്ടം: നെടുങ്കണ്ടത്തുനിന്നും ഈട്ടിത്തടികൾ മുറിച്ചുകടത്തിയ സംഭവത്തിൽ മൂന്നാംപ്രതിയെ അറസ്റ്റുചെയ്യാൻ മൂവാറ്റുപുഴയിൽ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കുനേരെ പ്രതി വാക്കത്തി വീശി. സംഘർഷത്തിൽ നാലു വനംവകുപ്പ് ഉദ്യോഗസ്ഥർക്കു പരിക്കേറ്റു. ഇവരെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകുന്നേരം 5.30-നാണ് സംഭവം. മൂവാറ്റുപുഴ സ്വദേശി കബീറാണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്കുനേരെ വാക്കത്തി വീശിയത്. ഒരുസംഘമാളുകൾചേർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയായിരുന്നു. മൂവാറ്റുപുഴ പോലീസെത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. സംഘർഷത്തിനിടെയാണ് പ്രതിയായ കബീറിന് ദേഹാസ്വസ്ഥ്യമുണ്ടായത്. പിന്നീട് ഇയാളെ അറസ്റ്റുചെയ്തു.
കുമളി റെയിഞ്ച് ഓഫിസർ കെ.വി രതീഷ്, ഉദ്യോഗസ്ഥരായ വൈ. മുഹമ്മദ് റഷീദ്, ബിനോയി സെബാസ്റ്റ്യൻ, പി.ആർ. സുധീഷ് എന്നിവർക്കാണ് പരിക്കേറ്റത്. കബീർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
കൃത്യനിർവഹണം തടസപ്പെടുത്തിയതിനെതിരേ വനംവകുപ്പ് ഉദ്യോഗസ്ഥർ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് കേസെടുത്ത് ഒരാളെ അറസ്റ്റുചെയ്തു.
കാണാതായ ഈട്ടിത്തടികൾ മൂവാറ്റുപുഴയിലെ പ്രതിയുടെ വീടിനു സമീപമുള്ള മറ്റൊരു പുരയിടത്തിൽനിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. മോഷണംപോയ തടിയുടെ കുറേഭാഗം മുന്പ് നെടുങ്കണ്ടത്തുനിന്നും കണ്ടെത്തിയിരുന്നു. ഇതോടെ നഷ്ടപ്പെട്ട തൊണ്ടിമുതൽ പൂർണമായും കണ്ടെത്താനായെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കേസിൽ നാലു പ്രതികളെ വനംവകുപ്പ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇനിയും 10 പേരെ പിടികൂടാനുണ്ട്. തടി മുവാറ്റുപുഴയിലേക്ക് കടത്തിയത് കബീറാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
കഴിഞ്ഞദിവസമാണ് നെടുങ്കണ്ടം കൈലാസപ്പാറ സ്വദേശി ചുരുളിമണിയുടെ പുരയിടത്തിൽനിന്നും രണ്ട് ഈട്ടിമരങ്ങൾ മുറിച്ചുനീക്കിയതായി വനംവകുപ്പിന് രഹസ്യവിവരം ലഭിച്ചത്. തുടർന്ന് വനംവകുപ്പ് ഫ്ളൈയിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ മരങ്ങൾ മുറിച്ചതായും തടിയും കടത്താൻ ഉപയോഗിച്ച വാഹനവും കണ്ടെത്തിയിരുന്നു. സ്ഥലത്തു നടത്തിയ പരിശോധനയിൽ ചപ്പുചവറുകളിട്ടു മൂടിയനിലയിൽ ഈട്ടി തടിയുടെ കുറേ ഭാഗങ്ങളും കണ്ടെത്തിയിരുന്നു.