ചെറുതോണി: യാത്രക്കാർക്കും വിദ്യാർഥികൾക്കും ഭീഷണിയായി ചെറുതോണി ടൗണിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. രാവിലേയും വൈകുന്നേരവുമാണ് തെരുവുനായ്ക്കൾ കൂട്ടമായി ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്വൈര്യവിഹാരം നടത്തുന്നത്.
പൊതുജനങ്ങൾക്ക് ഭീതിപരത്തി നായ്ക്കൂട്ടം ശല്യമാകുന്പോഴും ഇതിന് തടയിടുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ വാഴത്തോപ്പ് പഞ്ചായത്ത് അധികൃതർ തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമായിരിക്കയാണ്.
ഇടുക്കി മെഡിക്കൽ കോളേജ് പരിസരത്തും ആയുർവേദ ആശുപത്രി മുറ്റത്തും തെരുവുനായ ശല്യം രൂക്ഷമാണ്. തടിയന്പാട്, കരിന്പൻ, പൈനാവ് എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല.
വാഴത്തോപ്പ് പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പദ്ധതി അവതാളത്തിലായതോടെയാണ് തെരുവുനായ്ക്കളുടെ ശല്യം വർധിച്ചത്. മുൻപ് വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പുറംതള്ളുന്ന ഭക്ഷണ മാലിന്യങ്ങളും മറ്റും നിക്ഷേപിക്കുന്നതിന് വേസ്റ്റ് ബിന്നുകൾ പല കേന്ദ്രങ്ങളിലും സ്ഥാപിക്കുകയും അതാത് ദിവസങ്ങളിൽ നീക്കംചെയ്യുകയും ചെയ്യുകയുമായിരുന്നു. എന്നാൽ വെസ്റ്റ് ബിന്നുകൾ തുരുന്പെടുത്ത് പൂർണമായി നശിച്ചതോടെ മാലിന്യങ്ങൾ വഴിയരികിലും ഓടകളിലും തോടുകളിലേക്കും വലിച്ചെറിയുന്ന സ്ഥിതിയാണുള്ളത്.
പഞ്ചായത്തിന്റെ മാലിന്യനിർമാർജന പദ്ധതി നിന്നുപോയതോടെ ദിവസവും കുമിഞ്ഞുകൂടുന്ന മാലിന്യങ്ങളുടെ അളവും വർധിച്ചു. ഇതോടെ ഭക്ഷണാവശിഷ്ടങ്ങൾ തിന്നുന്നതിനായി തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തുകയാണ്. വർധിച്ചുവരുന്ന തെരുവായ ശല്യം ഒഴിവാക്കുന്നതിന് വാഴത്തോപ്പ് പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.