കട്ടപ്പന: കട്ടപ്പനയിൽ സർക്കാർ ഏറ്റെടുത്ത കൈയേറ്റഭൂമിയിൽ തുടരുന്ന കെട്ടിടനിർമാണത്തിന് നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ. വ്യാജ തണ്ടപ്പേർ ഉപയോഗിച്ച് കൈയേറിയ ഭൂമിയിൽ സ്വകാര്യവ്യക്തി നിർമിച്ച് സഹകരണ ആശുപത്രിക്ക് വാടകയ്ക്കുനൽകിയ സർക്കാർ ഏറ്റെടുത്ത കെട്ടിടത്തിൽ അനധികൃത നിർമാണം തുടരുന്നതിനാണ് നഗരസഭ സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുന്നത്.
വർഷങ്ങളായി കരമടയ്ക്കാതിരുന്ന മറ്റൊരു ഭൂമിയുടെ തണ്ടപ്പേർ മുൻ വില്ലേജ് ഓഫീസർ ആന്റണി തോമസിന്റെ സഹായത്തോടെ തിരുത്തിയാണ് നിലവിൽ സഹകരണ ആശുപത്രി സ്ഥിതിചെയ്യുന്ന സ്ഥലം ലൂക്ക ജോസഫ് എന്നയാൾ ഭാര്യയുടെ പേരിലാക്കിയതെന്ന് നിലവിലെ വില്ലേജ് ഓഫീസർ കണ്ടെത്തിയിരുന്നു. തട്ടിപ്പ് സംബന്ധിച്ച് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് കൈയേറിയ സ്ഥലം സർക്കാർ തിരിച്ചുപിടിച്ച് ഉത്തരവായത്. സർക്കാർ ഏറ്റെടുത്ത ഈ ഭൂമിയിൽ പ്രവർത്തിക്കുന്ന സഹകരണ ആശുപത്രി കെട്ടിടത്തിൽ വീണ്ടും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർക്കും കട്ടപ്പന വില്ലേജ് ഓഫീസർക്കുമാണ് നഗരസഭാ സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുന്നത്.
എന്നാൽ സ്ഥലം ഏറ്റെടുത്ത സർക്കാർ നടപടിക്കെതിരേ ഉടമ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സന്പാദിച്ചിരിക്കുകയാണെന്നും ജൂണ്‍ മൂന്നുവരെ സ്റ്റാറ്റസ്കോ നിലനിർത്തുവാൻ കോടതി ഉത്തരവിട്ടിരിക്കുന്നതിനാൽ നിർമാണത്തിന്റെ ഉത്തരവാദിത്വം റവന്യു വകുപ്പിനല്ലെന്നും വില്ലേജ് ഓഫീസർ ജെയ്സണ്‍ ജോർജ് അറിയിച്ചു.
അതേസമയം റവന്യൂ വകുപ്പ് നടപടി കോടതി ജൂണ്‍ മൂന്നുവരെ നിർത്തിവച്ചിട്ടും റവന്യൂവകുപ്പിന് മുനിസിപ്പൽ സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകിയത് വിവാദമായിട്ടുണ്ട്.
സർക്കാർ ഏറ്റെടുത്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സഹകരണ ആശുപത്രിയും സ്വകാര്യ വ്യക്തിയും തമ്മിലുണ്ടാക്കിയിരിക്കുന്ന വാടക കരാർ നിലനിൽക്കുകയുമാണ്. നിജസ്ഥിതി നിലനിർത്താനുള്ള കോടതി ഉത്തരവിന്റെ ലംഘനമാണ് പുതിയ നിർമാണ പ്രവർത്തനങ്ങളെന്നും ആക്ഷേപമുണ്ട്.