മൂന്നാർ: പ്രളയം വിതച്ച ദുരിതങ്ങൾക്കിടയിൽനിന്നു കരകയറാൻ ശ്രമിക്കുന്നതിനിടെ എത്തിയ കൊറോണ ഭീഷണി ടൂറിസം മേഖലയുടെ പ്രതിസന്ധി വർധിപ്പിച്ചു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സർക്കാർ കരുതൽ നടപടികളുടെ ഭാഗമായി സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ മൂന്നാർ ടൂറിസം മേഖല തളർന്നുറങ്ങി. ജില്ലാ ഭരണകൂടം മൂന്നാറിലെ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ നേരത്തേ തീരുമാനിച്ച യാത്രകൾ സന്ദർശകർ മാറ്റിവച്ചിരിക്കുകയാണ്. ഇതിനോടകം പോതമേട്ടിലെ രണ്ടു റിസോർട്ടുകളും നാലു ഹോംസ്റ്റേകളും താൽകാലികമായി അടച്ചു.
ഓണ്‍ലൈൻ വഴി ബുക്കുചെയ്തവരും യാത്രകൾ റദ്ദാക്കുകയോ അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കുകയോ ചെയ്യുകയാണ്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഓണ്‍ലൈൻ വഴിയായുള്ള മൂന്നുറോളം ബുക്കിംഗുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഓണ്‍ലൈൻ ബുക്കിംഗുകൾ കൂടാതെ മൂന്നാറിൽ എത്തിയിരുന്ന ആയിരക്കണക്കിന് സന്ദർശകരും യാത്ര വേണ്ടെന്നുവച്ചതോടെ മൂന്നാറിലെ ടൂറിസം മേഖല നിശ്ചലമായ അവസ്ഥയിലാണ്.
സന്ദർശകരുടെ ഒഴുക്ക് നിലച്ചതോടെ ടൂറിസത്തെ ആശ്രയിച്ചുകഴിയുന്ന നൂറുകണക്കിന് ടൂർ ഓപ്പറേറ്റർമാരും പ്രതിസന്ധിയിലാണ്. ഹൈഡൽ ടൂറിസം വകുപ്പിന്റെ കീഴിലുള്ള മാട്ടുപ്പെട്ടി, ആനയിറങ്കിൽ, ചെങ്കുളം തുടങ്ങിയ സ്ഥലങ്ങളിലെ ഹൈഡൽ പാർക്കുകൾ താൽകാലികമായി അടച്ചിട്ടിരിക്കുകയാണ്. വനംവകുപ്പിന്റെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സന്ദർശകരുടെ വരവ് നിലച്ചതോടെ നൂറുകണക്കിന് ടാക്സി ഡ്രൈവർമാരുടെ ഉപജീവനമാർഗവും അടഞ്ഞു. ചെറുതും വലുതുമായ നൂറോളം വ്യാപാര സ്ഥാപനങ്ങൾ സാന്പത്തികബാധ്യത നേരിടുന്നുണ്ട്. പ്രളയത്തിൽ തിരിച്ചടി നേരിട്ട് സാന്പത്തിക ബാധ്യതയിലായ റിസോർട്ടുകളും ഹോട്ടലുകളും കരകയറാൻ ശ്രമിക്കുന്നതിനിടയിലാണ് പുതിയ പ്രതിസന്ധി.