തൊടുപുഴ: വീട്ടിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്തുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കന്പംമെട്ട് അച്ചക്കട പടിഞ്ഞാറേൽ എബിൻ(25)നെയാണ് തൊടുപുഴ പോക്സോ കോടതി സ്പെഷൽ ജഡ്ജി കെ.അനിൽകുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷംകൂടി തടവുശിക്ഷ അനുഭവിക്കണം. 2014 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം.
വീട്ടിൽ തനിച്ചായിരുന്ന പെണ്‍കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു. സ്കൂളിലെത്തിയ പെണ്കുട്ടിയിൽനിന്നും അധ്യാപികയാണ് പീഡനവിവരം അറിഞ്ഞതും ചൈൽഡ്ലൈൻ പ്രവർത്തകരെ അറിയിച്ചതും. തുടർന്നു കന്പംമെട്ട് പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയിൽനിന്നും ഈടാക്കുന്ന തുക പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.