കട്ടപ്പന: കേരളത്തിലെ പൊതുസമൂഹത്തിന്േറയും കാർഷിക മേഖലകളിലെ ജനങ്ങളുടേയും അഭിലാഷം മാനിച്ചാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് -എമ്മിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചതെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു സ്റ്റീഫൻ എക്സ് എംഎൽഎ, ജില്ലാ പ്രസിഡന്റ് നോബിൾ ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കർഷകരുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വംകൊടുക്കുവാൻ കഴിയുന്ന ശക്തമായ സംസ്ഥാനപാർട്ടിയായി കേരള കോണ്‍ഗ്രസിനെ മാറ്റുകയെന്നതാണ് പാർട്ടിയുടെ ലക്ഷ്യം. വിഘടിച്ചുനിൽക്കുന്ന എല്ലാ കേരള കോണ്‍ഗ്രസ് വിഭാഗങ്ങളും പാർട്ടിയിലെ മുതിർന്ന നേതാക്കളായ പി.ജെ. ജോസഫും സി.എഫ്. തോമസും നേതൃത്വംകൊടുക്കുന്ന കേരള കോണ്‍ഗ്രസ് -എമ്മിൽ ചേർന്ന് പ്രവർത്തിക്കണമെന്നാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ അഭിപ്രായമെന്നും അവർ പറഞ്ഞു.
280 അംഗ സംസ്ഥാന കമ്മറ്റിയിലെ 240 പേരും 14 ജില്ലാ പ്രസിഡന്റുമാരിൽ 10 പേരും സംസ്ഥാന ഉപദേശക സമിതിയിലുളള രണ്ടുപേരും എട്ട് ജനറൽ സെക്രട്ടറിമാരിൽ ഏഴുപേരും എട്ടു സെക്രട്ടറിമാരിൽ ആറുപേരും യൂത്ത് ഫ്രണ്ട്, കർഷക യൂണിയൻ, വനിത കോണ്‍ഗ്രസ്, കെ എസ് സി, ദളിത് ഫ്രണ്ട്, അധ്യാപക സംഘടന തുടങ്ങിയ പോഷക സംഘടന പ്രസിഡന്റുമാരും പോഷക സംഘടന സംസ്ഥാന, ജില്ലാ ഭാരവാഹികളിൽ 90 ശതമാനം പേരും കെ. ഫ്രാൻസിസ് ജോർജിനോടൊപ്പം കേരള കോണ്‍ഗ്രസ് ഐക്യത്തെ സ്വാഗതം ചെയ്തിട്ടുളളതായും അവർ പറഞ്ഞു.
ഇടുക്കി ജില്ലയിലെ മണ്ഡലം, നിയോജകമണ്ഡലം, ജില്ലാ ഭാരവാഹികളും പോഷക സംഘടന ഭാരവാഹികളും ഉൾപ്പെടെ 95 ശതമാനം പേരും പാർട്ടി സംസ്ഥാന ചെയർമാന്റെ നിലപാടിനെ പിന്തുണയ്ക്കുന്നവരാണെന്നും നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ബേബി പതിപ്പളളി, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം സാജു പട്ടരുമഠം, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോസഫ് മേപ്പുറം, ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് ജോർജ്, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ്പ്രസിഡന്റ് അഭിലാഷ് പി. ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.