മറയൂർ: ചരിത്രത്തിൽ ആദ്യമായി മറയൂർ ശർക്കരയുടെ ലേലം 19-ന് മറയൂരിൽ നടക്കും. ഭൗമസൂചിക പദവി ലഭിച്ചതിനുശേഷവും മറയൂർ ശർക്കരയുടെ വിലയിൽ ഗണ്യമായ മാറ്റമുണ്ടാകാത്തതിനാലാണ് പുതിയ ലേലനടപടികളുമായി കരിന്പുകർഷകർ രംഗത്തിറങ്ങിയിരിക്കുന്നത്.
അഞ്ചുനാട് കരിന്പ് ഉത്പാദക വിപണന സംഘത്തിന്റെ നേതൃത്വത്തിലാണ് ബാബുനഗർ സംഘ ഹാളിൽ ലേലം നടത്തുന്നത്. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ ലേലപരിപാടി ഉദ്ഘാടനംചെയ്യും. സംഘം പ്രസിഡന്റ് ബി. മണികണ്ഠൻ അധ്യക്ഷത വഹിക്കും. മറയൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ. ആരോഗ്യദാസ്, കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക ഗോവിന്ദ രാജ് എന്നിവർ പങ്കെടുക്കും.
ആദ്യലേലം വ്യാപാരി വ്യവസായി പ്രസിഡന്റ് ശശി വാരിയത്ത് സ്വീകരിക്കും. ജനപ്രതിനിധികൾ, കർഷക, രാഷ്ട്രീയ, വ്യാപാര പ്രതിനിധികൾ, കൃഷി ഓഫീസർ പ്രിയ പീറ്റർ, സെക്രട്ടറി അക്ബർ അലി, ജോഷി ജോസഫ് എന്നിവർ പ്രസംഗിക്കും.
എല്ലാ വ്യാഴാഴ്ചകളിലും ഉച്ചകഴിഞ്ഞ് രണ്ടിന് ബാബുനഗറിലെ സംഘത്തിന്റെ ലേലഹാളിൽ ലേലം നടക്കും. കർഷകർ നേരിട്ട് ഇവിടെയെത്തിക്കുന്ന ഗുണമേൻമയുള്ള ശർക്കരയാണ് ലേലത്തിൽ വയ്ക്കുന്നത്. അടിസ്ഥാനവില നിശ്ചയിച്ചാണ് ലേലം നടത്തുന്നത്. ലേല നടപടികളിൽ കരിന്പുകർഷകരുടെ പങ്ക് ഉറപ്പാക്കുന്നതിന് കർഷകരുടെ ക്ലസ്റ്റർ യോഗങ്ങൾ ബുധനാഴ്ചമുതൽ ആരംഭിക്കും. ചെറുവാട് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന യോഗങ്ങളിൽ ആനക്കാൽപെട്ടി, ചെറുവാട്, മൈക്കിൾഗിരി, നാച്ചിവയൽ എന്നിവിടങ്ങളിലെ കർഷകർ പങ്കെടുക്കും. വരുംദിവസങ്ങളിൽ മറ്റു സ്ഥലങ്ങളിലെ യോഗങ്ങളും നടത്തും.
മുൻപ് ചില സ്വകാര്യ വ്യക്തികൾ മറയൂർ ശർക്കര ലേലം നടത്തിയെങ്കിലും വ്യാപാരികളുടെ ഇടപെടൽമൂലം അത് പരാജയപ്പെട്ടിരുന്നു. ആദ്യമായാണ് കർഷകരുടെ സംഘം ലേലനടപടികളിലേക്ക് കടക്കുന്നത്.