കാസർഗോഡ്: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നു കളക്ടര്‍ ഡി. സജിത്ബാബു അറിയിച്ചു. ജില്ലയില്‍ സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാലാണിത്. ജില്ലയില്‍ 148 പേര് വീടുകളിലും ഒരാള്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലനില്ക്കുന്നില്ല.
വ്യക്തിശുചിത്വം പാലിക്കുകയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുകയും ചെയ്യുക. വിദേശരാജ്യങ്ങളില്‍ നിന്ന് വന്നിട്ടുള്ളവര്‍ ജില്ലാ കൊറോണ കണ്ട്രോള് റൂമുമായി നിര്‍ബന്ധമായും ബന്ധപ്പെടുക. രോഗലക്ഷണം ഉള്ളവര്‍ പൊതുപരിപാടികള്‍, മറ്റു ചടങ്ങുകള്‍ എന്നിവയിൽ നിന്നു വിട്ടുനില്‍ക്കുക.
ആശുപത്രിയെ സമീപിക്കുന്നതിനു മുന്‍പായി ഫോണ്‍ മുഖേന ബന്ധപ്പെടുകയും പൊതുവാഹനങ്ങള്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്യുക. ഒഴിവാക്കാവുന്ന യാത്രകള്‍ കൂടുതല്‍ ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍ മറ്റു വിനോദസഞ്ചാരയാത്രകള്‍ ഒഴിവാക്കുക.
രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. വിവിധ വകുപ്പുകള്‍ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ കൂടി ബോധവത്കരണ പ്രവര്‍ത്തനങ്ങളും മറ്റ് പരിശീലനപരിപാടികളും ആരോഗ്യവകുപ്പ് ഊര്‍ജിതപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഇന്‍ചാര്‍ജ്) ഡോ. എ.വി. രാംദാസ് അറിയിച്ചു.
വ്യാജ പ്രചാരണം;
നടപടി സ്വീകരിക്കുമെന്ന് ഡിഎംഒ
കാസര്‍ഗോഡ്: ഖത്തറില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി നാട്ടിലെത്തിയ കോട്ടിക്കുളം സ്വദേശിയായ യുവാവിന് കൊറോണ വൈറസ് ബാധിച്ചതായ ശബ്ദസന്ദേശം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരേ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടു നിയമനടപടി സ്വീകരിക്കുമെന്നു ഡിഎംഒ ഡോ. രാംദാസ് അറിയിച്ചു. വിദേശങ്ങളില്‍ നിന്ന് നാട്ടിലെത്തുന്ന എല്ലാവരേയും ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ഇതുപ്രകാരം 14 ദിവസം വീട്ടില്‍ത്തന്നെ കഴിയാനാണ് ബന്ധപ്പെട്ട യുവാവിനോടും നിര്‍ദേശിച്ചിരുന്നത്. ഈ സംഭവത്തെയാണ് ഇയാള്‍ക്ക് വൈറസ് ബാധിച്ചതായി വ്യാഖ്യാനിച്ച് ഒരു വിഭാഗം വ്യാജപ്രചാരണം നടത്തിയത്.