കാഞ്ഞങ്ങാട്: വായ്പാ കുടിശിക തീർത്തിട്ടും ഇടപാടുകാരന്റെ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതായി പരാതി. എച്ച്ഡിഎഫ്സി കാഞ്ഞങ്ങാട് ശാഖാ അധികൃതർക്കെതിരെയാണ് പടന്ന എടച്ചാക്കൈ സ്വദേശി എ.ജി.നൗഫൽ പരാതി ഉന്നയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ചന്തേര പോലീസിൽ പരാതി നൽകിയതായും നടപടിയില്ലെങ്കിൽ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിക്കുമെന്നുംനൗഫൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
ബൈക്കു വാങ്ങാൻ മൂന്നു വർഷം മുൻപ് എടുത്ത പലിശയടക്കുള്ള തുക 1005 12 രൂപ ഫെബ്രുവരി 29ന് അടച്ചു തീർത്ത് മാർച്ച് ഒന്നിന് ക്ലിയറൻസ് സർട്ടിഫിക്കറ്റും കരസ്ഥമാക്കിയിരുന്നു.എന്നാൽ അതിനു ശേഷം അഞ്ചിന് 2642 രൂപ അക്കൗണ്ടിൽനിന്ന് ചെക്ക് പോലും ഉപയോഗിക്കാതെ പിൻവലിക്കുകയായിരുന്നുവെന്ന് നൗഫൽ പറഞ്ഞു.
ഇതേ പറ്റി ബാങ്കിൽ അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടിയായിരുന്നില്ല നൽകിയത്. മാനേജരടക്കമുള്ളവർ ഭീഷണി സ്വരത്തിൽ സംസാരിച്ചുവെന്നും നൗഫൽ പറഞ്ഞു. ഒടുവിൽ രണ്ടു ദിവസത്തിനകം പ്രശ്നം പരിഹരിച്ചു വിവരം അറിയിക്കാമെന്നു ഉറപ്പു നൽകിയെങ്കിലും പ്രതികരണമുണ്ടായില്ലെന്നും ഇയാൾ പറഞ്ഞു. ഇതേത്തുടർന്നായിരുന്നു വഞ്ചിച്ചതിന് പോലീസിൽ പരാതി നൽകിയത്. അക്കൗണ്ട് ഉടമ അറിയാതെ പണം പിൻവലിച്ച സംഭവം ഒറ്റപ്പെട്ടതല്ലെന്നും നൗഫൽ ആരോപിച്ചു.