മടിക്കൈ: കോവിഡ്-19 പ്രതിരോധത്തിനും ബോധവത്കരണത്തിനുമായി മടിക്കൈ പഞ്ചായത്തിൽ വിപുലമായ കർമ പദ്ധതി തയാറായി. രോഗ ബാധിത മേഖലകളിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കുന്നതിനും ബോധവത്കരിക്കുന്നതിനുമായി പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും കുടുംബശ്രീ, ക്ലബ്, സന്നദ്ധ സംഘടനാ പ്രവർത്തകരെ ഉൾപ്പെടുത്തി ജാഗ്രതാ സമിതികൾ രൂപീകരിച്ചു.
പഞ്ചായത്ത്തല ജാഗ്രതാ സമിതി യോഗവും സെമിനാറും പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രമീള അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർമാരായ ഡോ.സൽമ ജോസി, ഡോ. വിപിൻരാജ്, ഡോ.കെ.എസ്.സ്വപ്ന എന്നിവർ ക്ലാസെടുത്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശീന്ദ്രൻ മടിക്കൈ, ഹെൽത്ത് ഇൻസ്പെക്ടർ കെ.വി.ഗംഗാധരൻ എന്നിവർ കർമ പദ്ധതി അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ, എം.അബ്ദുൾ റഹിമാൻ, സി. ഇന്ദിര, പഞ്ചായത്തംഗങ്ങളായ ടി.സുശീല, പി.വി.രുഗ്മിണി, പി.ഗീത, എം.വൽസല, ബിജി ബാബു, വി.ശശി, വി. ജഗദീശൻ, കെ.ദാമോദരൻ, ഹൊസ്ദുർഗ് സബ് ഇൻസ്പെക്ടർ കെ. ലീല, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി. കുട്ട്യൻ എന്നിവർ സംസാരിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, പുരുഷ സ്വയം സഹായ സംഘങ്ങൾ, ക്ലബ്, വായനശാലകൾ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. വാർഡ്തല ജാഗ്രതാ സമിതികൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ അടിയന്തര യോഗം ചേരും. വിനോദയാത്രകളും പൊതു പരിപാടികളും ഒഴിവാക്കുന്നതിനും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമ നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനമായി. സെമിനാറിൽ ആരോഗ്യ പ്രവർത്തകർ, ആശ, അങ്കണവാടി പ്രവർത്തകർ, സിഡിഎസ് അംഗങ്ങൾ, സന്നദ്ധ സംഘടനാ ഭാരവാഹികൾ, വിവിധ വകുപ്പ് തലവന്മാർ തുടങ്ങിയവർ പങ്കെടുത്തു.