ചിറ്റാരിക്കാൽ: കാസർഗോഡ് ജില്ലാ സഹകരണ റബർ മാർക്കറ്റിംഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ്പ്രസിഡന്റ് രാഷ്ട്രീയവിരോധം വച്ച് നടത്തുന്ന അപവാദ പ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് സംഘം പ്രതിനിധികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജില്ലാ സഹകരണ റബർ മാർക്കറ്റിംഗ് സൊസൈറ്റി 2014-2015 കാലഘട്ടത്തിൽ 14.75 കോടി രൂപ നിക്ഷേപം ഉണ്ടായിരുന്ന സ്ഥാപനമാണ്. 2014- 2019 കാലഘട്ടത്തിലെ സൊസൈറ്റി തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് പിന്തുണച്ച ആളുകൾ പരാജയപ്പെട്ട അന്നുമുതൽ സംഘത്തിനെ തകർക്കുന്നതിനുള്ള ഗൂഢശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു.
ഇതിന്റെ ഫലമായി ഒമ്പതു കോടിയോളം രൂപ നിക്ഷേപകർക്ക് ഒരു വർഷം കൊണ്ട് തിരിച്ചു നൽകേണ്ടി വന്നതിനാൽ സംഘം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുന്നതിന് കാരണമായി. ഇക്കാലഘട്ടത്തിൽ സംഘത്തിന്റെ മാനേജിംഗ് ഡയറക്ടർ ആയിരുന്ന വ്യക്തിയും ചില ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയും അഴിമതിയുമാണ് സ്ഥാപനം ഇന്നത്തെ അവസ്ഥയിൽ എത്തിയതിന് പ്രധാന കാരണം.
സംഘം ചിട്ടി നടത്തിയത് സഹകരണ വകുപ്പിന്റെ അനുമതിയോടും അംഗീകാരത്തോടും കൂടിയാണ്. പക്ഷേ നടത്തിപ്പിലെ കെടുകാര്യസ്ഥത മൂലം ഒരുകോടി രൂപയോളം കിട്ടാക്കടമായി നിൽക്കുകയാണ്. സംഘത്തിനെതിരായി ആരോപണം ഉന്നയിക്കുന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ബന്ധുക്കൾ പോലും ചിട്ടിപ്പണം നൽകുവാനുണ്ട്. ഇത്തരത്തിലുള്ള അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും നേതൃത്വം നൽകിയവർ ഒരു സംഘടനയിൽ രാഷ്ടീയ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇവരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ആരോപണവുമായി അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്.
ജില്ലയിലെ പത്തു പഞ്ചായത്തുകളിലായി 35 കോടിയോളം രൂപയുടെ ആസ്തിയും 9.44 ഏക്കർ ഭൂമിയും സംഘത്തിന് സ്വന്തമായുണ്ട്. നിക്ഷേപകർക്ക് തിരികെ നൽകാനുള്ള തുക 5.1 കോടി രൂപ മാത്രമാണ്. സംഘത്തിൽ കൃത്യമായി ഓഡിറ്റിംഗ് നടത്തിയത് സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്.
സംഘത്തിന് പുതിയ ഭരണ സമിതി ചുമതല ഏറ്റെടുത്തിട്ട് ആറുമാസം ആകുന്നതേയുള്ളു. ചുരുങ്ങിയ സമയത്തിനുള്ളിൽ നിക്ഷേപകർക്ക് പണം തിരിച്ചുനൽകുന്നതിന് ഊർജിത ശ്രമം നടത്തി വരികയാണ്. മാനുഷിക പരിഗണന വച്ച് മുൻഗണന ക്രമത്തിൽ നിക്ഷേപകർക്ക് ചെറിയ തോതിൽ നിക്ഷേപം തിരികെ നൽകി വരുന്നു.
നിക്ഷേപകർക്ക് സംഘം ഭരണസമിതിയിൽ വിശ്വാസം ആർജിച്ചു വരുന്നതിലുള്ള അസഹിഷ്ണതയാണ് ആരോപണങ്ങൾക്കു പിന്നിൽ. സംഘവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഏത് അന്വേഷണ സംഘത്തെ കൊണ്ടും അന്വേഷിപ്പിക്കുന്നതിൽ സംഘം ഭരണ സമിതി എതിരല്ലെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ സംഘം പ്രസിഡന്റ് ജിസൻ ജോർജ്, വൈസ് പ്രസിഡന്റ് മനോജ് തോമസ്, ഡയറക്ടർ മാരായ സൈമൺ പള്ളത്തുകുഴി, മാത്യു പടിഞ്ഞാറേൽ, ബാബു സി.എ. ചിറയിൽ, ലില്ലി പാലത്തിങ്കൽ എന്നിവർ സംബന്ധിച്ചു.