കാസർഗോഡ്: ജില്ലാ കളക്ടര്‍ ചെയര്‍മാനായി രൂപീകരിച്ച വിദഗ്ധസമിതി മാത്രമേ ഇനിമുതല്‍ സര്‍ക്കാര്‍-സ്വകാര്യമേഖലയില്‍ കുഴൽക്കിണര്‍ നിര്‍മാണത്തിന് അനുമതി നല്‍കുകയുള്ളുവെന്നും ഇതോടെ ജില്ലയിലെ അനിയന്ത്രിത കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് അറുതിയാകുമെന്നും ജില്ലാ കളക്ടര്‍ ഡി. സജിത്ബാബു പറഞ്ഞു.
സംസ്ഥാന ഭൂജല വകുപ്പ് ജില്ലാ ഓഫീസ് പുറത്തിറക്കിയ "ഭൂജല സംരക്ഷണവും പരിപാലനവും' ലഘുലേഖയുടെ പ്രകാശനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ഭൂജലം ഗുണനിലവാരമുള്ളതാണെങ്കിലും ചില സ്ഥലങ്ങളിലും തീരപ്രദേശങ്ങളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ട്.
കിണറും പരിസരവും വൃത്തിയായി സൂക്ഷിക്കാനും സംരക്ഷിക്കാനും ശ്രദ്ധിക്കണം.
ജില്ലയിലെ ജലനിരപ്പ് ഉയര്‍ത്തുവാന്‍ 418 കുളങ്ങളുടെ നിര്‍മാണവും അഞ്ചു പുഴകളുടെ പുനരുദ്ധാരണവും 11 പുഴകളില്‍ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിന് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നതിന് ശാസ്ത്രീയ പരിശോധനകളും ചെങ്കല്‍ പ്രദേശങ്ങളില്‍ മൂന്നുലക്ഷം മുളംതൈ നട്ടുപിടിപ്പിക്കുന്ന പ്രവൃത്തികളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇതിനകം പൂര്‍ത്തിയായതായും അദ്ദേഹം കൂട്ടിച്ചേർത്തു.