ഇരിട്ടി: ഹരിതഗ്രാമം യാഥാർഥ്യമാക്കി മുന്നേറുന്ന പായം ഗ്രാമപഞ്ചായത്തിന് നടപ്പ് സാമ്പത്തിക വര്‍ഷം 39 കോടിയുടെ ബജറ്റ്. 39,89,66,1474 രൂപ വരവും 39,50, 19578 രൂപ ചെലവും 39,46,896 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സാവിത്രിയാണ് അവതരിപ്പിച്ചത്. പഞ്ചായത്തിലെ പ്രധാന ടൗണായ വള്ളിത്തോട് ആധുനിക ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സും കൺവന്ഷന് സെന്ററും നിർമിക്കുന്നതിനായി 1.16 ഏക്കര്‍ സ്ഥലം ഏറ്റെടുത്തതായും പ്രവാസികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും വൈസ് പ്രസിഡന്റ് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മാടത്തിലിൽ പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായ ആധുനിക സ്റ്റേഡിയം യാഥാര്‍ഥ്യമാകും. ഇതിനായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന എട്ടു കോടിയുടെ പദ്ധതിക്ക് പഴശി പദ്ധതിയുടെ ഉടമസ്ഥതയില്‍ നിന്നും അഞ്ച് ഏക്കര്‍ സ്ഥലം വിട്ടുകിട്ടിയതായും വൈസ് പ്രസിഡന്റ് പറഞ്ഞു. മാലിന്യമുക്ത പഞ്ചായത്തിനായി വിവിധ കര്‍മ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചു. ഹരിത കര്‍മ സേന മുഖാന്തരം വീടുകയറി പ്ലാസ്റ്റിക് ശേഖരണം , ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കല്, കമ്പോസ്റ്റ് പിറ്റ് നിർമാണം എന്നിവ യാഥാര്‍ഥ്യമാകും.
സര്‍ക്കാരിന്റെ 12 ഇന പരിപാടിയുടെ ഭാഗമായി മാടത്തില്‍ വയോജനങ്ങള്‍ക്ക് പകല്‍ വീട് നിർമിക്കാന്‍ 12 ലക്ഷവും വിശപ്പ് രഹിത കേരളം പദ്ധതിയില്‍ കുടുംബശ്രീ മുഖാന്തരം ജനകീയ ഹോട്ടലും നിർമിക്കും .
പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് യോഗ, തായ്ക്കോണ്ടോ,നീന്തല്‍ ,ഫുട്ബോള്‍ കോച്ചിംഗ് ക്ലാസുകള്‍ എന്നിവ തുടങ്ങും. കോളിക്കടവ് - പട്ടാരം, ആനപ്പന്തിക്കവല, മാടത്തില്‍ മിച്ചഭൂമി എന്നിവിടങ്ങളില്‍ പുതിയ കുടിവെള്ള പദ്ധതികള്‍ ആരംഭിക്കും. യുവജന ക്ലബ്ബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റുകള്‍ വിതരണം ചെയ്യും. കല്ലുമുട്ടിയില്‍ മള്‍ട്ടിപ്ലക്സ് തിയേറ്റര്‍ കം ഷോപ്പിംഗ് കോംപ്ലക്സിനോടനുബന്ധിച്ച് വഴിയോര വിശ്രമ കേന്ദ്രം സ്ഥാപിക്കും .30,000 മഴക്കുഴികളും ആയിരം വീടുകളിലെ കിണര്‍ റീചാര്‍ജിങ്ങും 10 പുതിയ കുളങ്ങളും 100 കിണറുകളും 600 താല്‍ക്കാലിക തടയണകളും 10 സ്ഥിരം തടയണകളും നിർമിച്ച് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ലൈഫ് മിഷന് പദ്ധതിയില്‍ ഭവനരഹിതര്‍ക്ക് വീട് നല്കാന് 41.5 ലക്ഷം നീക്കിവച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് റൂമുകള്‍ ഹൈടെക് ആക്കും. പേരട്ട ഗവണ്മെന്റ് എല്‍.പി സ്കൂളിന് ഒരു കോടി രൂപ ചെലവിലും വിളമന എല്‍. പി സ്കൂളില്‍ 80 ലക്ഷം രൂപ ചെലവിലും കെട്ടിട നിർമാണത്തിനായി തുക വകയിരുത്തി.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷനായ വി.കെ. പ്രേമരാജന്‍, പവിത്രന് കരിപ്പായി, കെ. കെ. വിമല, ബ്ലോക്ക് പഞ്ചായത്തംഗം അനിത ജാനിഖാന് ,പഞ്ചായത്തംഗം ടോം മാത്യു ,പി.എം. സുരേഷ് , ജാന്‍സി തോമസ്, ജമീല നാസര്‍ എന്നിവരും പ്രസംഗിച്ചു.