ഇരിട്ടി : ഹയർ സെക്കൻഡറി പൊതുപരീക്ഷാ നടത്തിപ്പിൽ ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ അന്വേഷണ വിധേയമാക്കണമെന്ന് കെഎഎച്ച്എസ്ടിഎ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
കുറ്റമറ്റ രീതിയിൽ നടന്നുവന്നിരുന്ന പൊതുപരീക്ഷാ സംവിധാനം അട്ടിമറിക്കാനും ഹയർസെക്കൻഡറി സംവിധാനത്തെ ദുർബലപ്പെടുത്താനും ശ്രമം നടന്നതായി യോഗം അഭിപ്രായപ്പെട്ടു.
പ്ലസ് ടു പരീക്ഷയുടെ ആരംഭ ദിനത്തിൽ വൈകുന്നേരം വരെ കാത്തിരുന്നിട്ടും ഉത്തരക്കടലാസുകൾ മൂല്യനിർണയ കേന്ദ്രങ്ങളിലേക്കയക്കാനുള്ള മേൽവിലാസമോ അനുബന്ധ രേഖകളോ ലഭ്യമായിട്ടില്ല. രണ്ടാം ദിവസത്തെ പരീക്ഷക്ക് ഇരിപ്പിടം ക്രമീകരിക്കാനുള്ള രേഖകൾ പോലും ചീഫ് സൂപ്രണ്ടുമാർക്ക് ലഭ്യമായിട്ടില്ല. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇടകലർത്തി നടത്തിയ നടപടി പുനഃപരിശോധിക്കണം.
സംസ്ഥാന പ്രസിഡന്റ് ജോഷി ആന്റണിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ.സിജു, സണ്ണി.എം. , കെ.സി. ഫസലുൽ ഹഖ്, പി.അഖിലേഷ് , അജിത് കുമാർ, കെ.കെ. ശ്രീജേഷ് കുമാർ, ജോൺസൺ ചെറുവള്ളി, സ്മിജു ജേക്കബ് , ഷാജിമോൻ വർഗീസ്, അഷ്റഫ് സി.കെ തുടങ്ങിയവർ പ്രസംഗിച്ചു.