എം.വി. അബ്ദുൾ റൗഫ്
ശ്രീകണ്ഠപുരം: വനമേഖലയിൽ വരൾച്ച രൂക്ഷമായതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുന്നത് മലയോര കർഷകരെ ദുരിതത്തിലാക്കുന്നു. കൃഷിയിടങ്ങൾക്കുപുറമേ വീടുകൾക്കുനേരേയും ഇവയുടെ ആക്രമണം ഉണ്ടാകുന്നത് കർഷകരെ ആശങ്കയിലാക്കുകയാണ്. ആറുമാസം മുമ്പാണ് പാടാംകവലയിലെ ഇരുപ്പുമല റോസമ്മ (63) കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ടു മാസം മുമ്പ് ഷിമോഗയിലെ ഐപ്പൻപറമ്പിൽ അജേഷി (30 )ന് കാട്ടുപന്നിയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. പുലർച്ചെ റബർ ടാപ്പിംഗിനും മറ്റുമായി പോകുമ്പോഴാണ് വന്യജീവികളുടെ ആക്രമണമുണ്ടാകുന്നത്.
കഴിഞ്ഞ ഒരാഴ്ചയോളമായി നറുക്കുംചീത്ത, ഷിമോഗ കോളനി, ഒന്നാംപാലം, പാടാംകവല, ആടാംപാറ മേഖലകളിൽ കാട്ടാന കൃഷിയിടങ്ങൾ ചവിട്ടിമെതിക്കുകയാണ്.
മുമ്പ് അതിർത്തിയോടുചേർന്ന ചിറ്റാരിയിലും തേനങ്കയത്തും പരിസരപ്രദേശങ്ങളിലുമാണ് കാട്ടാനശല്യം ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഏലപ്പാറ വഴി ആടാംപാറ, വഞ്ചിയം പ്രദേശങ്ങളിലേക്കും ഇറങ്ങി നാശം വിതക്കുകയാണ്.
കൂട്ടമായെത്തുന്ന കാട്ടാനകൾ തെങ്ങുകളും റബറുകളും ഉൾപ്പെടെ നശിപ്പിക്കുകയാണ്. കശുവണ്ടി സീസണാണെങ്കിലും പകൽസമയങ്ങളിൽപ്പോലും വന്യമൃഗങ്ങൾ വിഹരിക്കുന്നതിനാൽ കശുവണ്ടികൾ ശേഖരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ.
കശുമാങ്ങകൾ തിന്നുന്നതിനായി കാട്ടാനകൾ കശുമാവുകളുടെ കൊമ്പുകൾ കുലുക്കുന്നതിനാൽ പല തോട്ടങ്ങളിലും പച്ചണ്ടികളും പൂവും ചിതറി നശിച്ചനിലയിലാണ്. കുടിവെള്ളക്ഷാമം രൂക്ഷമായ പല പ്രദേശങ്ങളിലും വെള്ളം ശേഖരിക്കാൻ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് പലരും. പകൽസമയങ്ങളിൽ കാട്ടാനകളുടെ മുന്നിൽ അകപ്പെടുന്നവർ പലപ്പോഴും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.
കാഞ്ഞിരക്കൊല്ലി, വഞ്ചിയം മേഖലകളിൽ കാട്ടുപന്നി ശല്യവും രൂക്ഷമാണ്. ഏക്കർകണക്കിന് സ്ഥലത്തെ കാർഷികവിളകളാണ് കർഷകർ ഈ പ്രദേശങ്ങളിൽ മാത്രം ഉപേക്ഷിച്ചിരിക്കുന്നത്.
രാപ്പകൽ ഭേദമില്ലാതെ കൃഷിയിടങ്ങളിലെത്തുന്ന പന്നികൾ തോട്ടങ്ങൾ കുത്തിയിളക്കി നശിപ്പിക്കുകയാണ്. കാട്ടുപന്നിശല്യം തടയുന്നതിനായി ഗ്രാമീണമേഖലകളിൽ ഏറുമാടം കെട്ടി നെൽക്കർഷകർ ഉൾപ്പെടെ കാവലിരിക്കുന്നുണ്ടെങ്കിലും പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയാണ്.
വന്യമൃഗശല്യം തടയാൻ ഏരുവേരി പഞ്ചായത്തിലെ വഞ്ചിയം മുതൽ പയ്യാവൂർ പഞ്ചായത്തിലെ ആടാംപാറ, മതിലേരിത്തട്ട്, കാഞ്ഞിരക്കൊല്ലി, ശാന്തിനഗർ വരെയുള്ള 16 കിലോമീറ്റർ വനാതിർത്തിയിൽ വൈദ്യുതവേലി സ്ഥാപിക്കണമെന്ന് കർഷകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഫലപ്രദമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
കഴിഞ്ഞ ജൂണിൽ നറുക്കുംചീത്തയിലെ പുളിക്കത്തടത്തിൽ ചന്ദ്രന്റെ വീട്ടുപറമ്പിലെ കിണറ്റിൽ ആന വീണതിനെ തുടർന്ന് രക്ഷിക്കാനെത്തിയ വനപാലകരെയും പോലീസിനെയും നാട്ടുകാർ തടഞ്ഞിരുന്നു.
തുടർന്ന് കർഷകരുമായി സംവദിക്കുന്നതിനായും പ്രശ്നങ്ങൾ മനസിക്കുന്നതിനുമായി വനംമന്ത്രി ഉടൻ ശ്രീകണ്ഠപുരത്ത് എത്തുമെന്ന് ഡിഎഫ്ഒ ഉൾപ്പെടെ അറിയിച്ചിരുന്നെങ്കിലും വാഗ്ദാനം മാത്രമായി ഒതുങ്ങുകയായിരുന്നു. വന്യമൃഗങ്ങളെ തുരത്താൻ കർഷകർ ഉറക്കമിളച്ചിരുന്ന് പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും കഴിയേണ്ട അവസ്ഥയാണിപ്പോഴും.
പയ്യാവൂർ പഞ്ചായത്തിൽ 2017 ഒക്ടോബറിനുശേഷം വന്യമൃഗശല്യമൂലമുള്ള കൃഷിനാശത്തിന് യാതൊരു നഷ്ടപരിഹാരവും വിതരണംചെയ്തിട്ടില്ല.
ആറു മാസം മുമ്പ് കണ്ണൂർ കളക്ടറേറ്റിൽ വനംമന്ത്രി പങ്കെടുത്ത അദാലത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ നഷ്ടപരിഹാരം വിതരണംചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.