മുണ്ടക്കയം: കൊറോണ ഭീതിക്കിടയിലും മാലിന്യങ്ങൾ മണിമലയാറ്റിലേക്ക്. മുണ്ടക്കയം പട്ടണ നടുവിലാണ് ശുചിമുറി മാലിന്യം അടക്കം പ്രധാന ജല സ്രോതസായ മണിമലയാറ്റിലേക്ക് ഒഴുക്കി പകർച്ചവ്യാധിക്കിടയാക്കുന്നത്. ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള മാലിന്യം ഒഴുക്കുന്നത് മണിമലയാറ്റിലേക്കാണ്. കൂടാതെ ടൗണിലെ നൂറോളം വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം ഒഴുക്കുന്നതും പൊതു ഓടയിലൂടെയാണ്. ഇതെല്ലാം പതിക്കുന്നത് കോസ്വേയ്ക്ക് സമീപം മണിമലയാറ്റിലാണ്. കോസ്വേയുടെ അടിയിലും പരിസരത്തും മലിന ജലം കെട്ടിക്കിടക്കുകയാണ്.
കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ ചെറുതായി ഒഴുക്കുണ്ടായതിനെ തുടർന്നു മലിന ജലം മേഖലയിലെ കുടിവെള്ള ഓലികളിലേക്കാണ് എത്തിയിരിക്കുന്നത്. മണിമലയാറ്റിലെ ഉപ്പുനീറ്റു കയത്തിൽ നിന്നു വെള്ളം പന്പു ചെയ്താണ് ജലവിതരണ അഥോറിറ്റി നാടിന്റെ വിവിധ പ്രദേശങ്ങളിലെ വീടുകളിലും ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും കുടിവെള്ളമായി എത്തിക്കുന്നത്.
മണിമലയാറ്റിൽ നാട്ടുകാർ കുഴിച്ച ഓലികളിലെയും ഉപ്പുനീറ്റുകയത്തിലെയും വെളളം ഉപയോഗിക്കുന്നവർക്കു ചൊറിച്ചിൽ പോലുള്ള അലർജി രോഗങ്ങളും പടർന്നു പിടിച്ചിട്ടുണ്ട്.
മുന്പ് പലതവണ പകർച്ച വ്യാധികൾ ഉണ്ടായത് മുണ്ടക്കയത്താണ്. കൊറോണ ഭീതി ആളുകളിൽ പടർന്നപ്പോൾ ബോധവത്കരണ സെമിനാർ മാത്രം നടത്തി ആരോഗ്യ വകുപ്പ് തലയൂരുന്നുവെന്ന ആക്ഷേപവും ശക്തമാണ്. രണ്ടു വർഷത്തിനിടയിൽ ഒരു തവണപോലും ക്ലോറിനേഷൻ നടത്താൻ പോലും ഇവർ തയാറായിട്ടില്ല. മുന്പ് സംസ്ഥാനത്ത് ആദ്യമായി തക്കാളി, ഡെങ്കിപ്പനി റിപ്പോർട്ടു ചെയ്തതും മരണം സംഭവിച്ചതും മുണ്ടക്കയത്താണ്. ആരോഗ്യ വകുപ്പിന്റെ അനാസ്ഥയ്ക്കെതിരേ പ്രതിഷേധം ശക്തമായതിനിടെ മുണ്ടക്കയം ബസ് സ്റ്റാൻഡ് കവാടത്തിലുള്ള കോഹിനൂർ ഹോട്ടലിനും സമീപമുള്ള ഈട്ടിക്കൽ ലോഡ്ജിനും ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി.
എന്നാൽ, എല്ലാവർഷവും പതിവുപടി ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകലും അടയ്ക്കലും തുറക്കലും പതിവാണെന്നു നാട്ടുകാർ ആരോപിച്ചു. സ്ഥാപനങ്ങൾ അടയ്പ്പിക്കുന്നതിനു പിന്നാലെ രാഷ്ട്രീയ ഇടപെടലിനെത്തുടർന്ന് വീണ്ടും തുറക്കുകയാണ് പതിവ്. പിന്നാലെ മലിനജലം ഓടയിലൂടെത്തന്നെ ഇവർ ഒഴുക്കുകയും ചെയ്യുമെന്ന് നാട്ടുകാർ പറയുന്നു.