കടുത്തുരുത്തി: കളി മികവിൽ നാടിന് പേരും പെരുമയും ഉയർത്തിയ കായികതാരം കടുത്തുരുത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ജോലിയിൽ പ്രവേശിച്ചു. പ്രശസ്ത റിലേ താരം ഇ.എം. ഇന്ദുലേഖയാണ് എൽഡി ക്ലർക്ക് തസ്തികയിൽ ഇന്നലെ രാവിലെ ജോലിയിൽ പ്രവേശിച്ചത്. സർക്കാർ 195 കായിക താരങ്ങൾക്കുള്ള ഒറ്റ ഉത്തരവിലൂടെ നിയമിച്ചതിൽ ഒരാളാണ് മുഹമ്മ ചാരമംഗലം സ്വദേശിനി ഇന്ദുലേഖ. ആറ് വർഷം സ്കൂൾ ലെവലിൽ സ്റ്റേറ്റ് ചാന്പ്യനും നാല് വർഷം നാഷണൽ ചാന്പ്യനുമായിരുന്നു. 2010 ൽ പഞ്ചാബിൽ നടന്ന നാനൂറ് മീറ്റർ റിലേയിൽ ഒന്നാം സ്ഥാനം നേടിയതാണ് ഇന്ദുലേഖയെ ജോലിക്ക് അർഹയാക്കിയത്. മുഹമ്മ കല്ലാപ്പുറം ചാരമംഗലം ഇന്ദുഭവനം ഉണ്ണികൃഷ്ണന്റെയും ഇന്ദിരയുടേയും മകളാണ് ഇന്ദുലേഖ. ഭർത്താവ് രഞ്ചു. മകൾ അമേലിയ. ഡിഡിഇഒ ഓഫീസിൽ എൽഡി ക്ലാർക്കായി ജോലിയിൽ പ്രവേശിക്കാനെത്തിയ ഇന്ദുലേഖയ്ക്ക് കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് പി. വി. സുനിൽ, സിപിഎം ഏരിയാ സെക്രട്ടറി കെ.ജി. രമേശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മാ ചന്ദ്രൻ എന്നിവർ ചേർന്ന് സ്വീകരണം നൽകി.