ചേർപ്പുങ്കൽ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ തുടങ്ങുന്ന സൗജന്യ വൃക്കരോഗ പ്രതിരോധ ക്ലിനിക്കിന്റെ ഉദ്ഘാടനം ലോക വൃക്ക ദിനമായ ഇന്നലെ മാര്‍ സ്ലീവാ മെഡിസിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ നിര്‍വഹിച്ചു. വൃക്കരോഗം പലപ്പോഴും ആരംഭദശയില്‍ കണ്ടുപിടിക്കാതെ പോകുന്നു. നേരത്തെ കണ്ടുപിടിച്ചാല്‍ വൃക്കരോഗം മൂര്‍ച്ഛിച്ചു ഡയാലിസിസില്‍ എത്താതെ ചികിത്സിക്കാവുന്നതാണ്. നമ്മുടെ നാട്ടിലെ ഡയാലിസിസ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജന താത്പര്യാര്‍ഥം നടത്തുന്ന പ്രിവന്റീവ് ക്ലിനിക്കുകള്‍ സമൂഹത്തിന് ഒരനുഗ്രഹമാണെന്നു മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ പറഞ്ഞു.
മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ലിസി തോമസ്, നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. മഞ്ജുള രാമചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു. സൗജന്യ വൃക്കരോഗ നിര്‍ണയ ക്ലിനിക് എല്ലാ വ്യാഴാഴ്ചയും ഉച്ചകഴിഞ്ഞു രണ്ടു മുതൽ നാലു വരെ ആയിരിക്കും. എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ ആരംഭിക്കുന്ന ഒപിക്കു പുറമെ, വൃക്കരോഗം മുന്‍കൂട്ടി നിർണയിക്കാവുന്ന കിഡ്നി ഹെല്‍ത്ത് ചെക്കപ്പും മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ലഭ്യമാണ്. നെഫ്രോളജി വിഭാഗത്തോട് ചേര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് യൂണിറ്റില്‍ ദിവസം 50 ഓളം ഡയാലിസിസുകള്‍ നടത്തുന്നുണ്ട്.