ഈരാറ്റുപേട്ട: നഗരത്തിലെ ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി ജംഗ്ഷനുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിന് നടപടി ആരംഭിച്ചു. ആദ്യഘട്ടത്തിൽ സെൻട്രൽ ജംഗ്ഷൻ, കുരിക്കൾ നഗർ, പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണു കാമറകൾ സ്ഥാപിക്കുന്നത്. വ്യാപാരികളുടെ സഹകരണത്തോടെയാണ് ഇവ സ്ഥാപിക്കുന്നത്.
കാമറയിലെ ദൃശ്യങ്ങൾ എസ്ഐയുടെ മൊബൈലിൽ ലഭിക്കത്തക്ക രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗതാഗത നിയമലംഘനങ്ങളും മറ്റു സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നവരെ കണ്ടെത്താൻ ഇത് ഉപകരിക്കും. 23 മുതൽ പൂർണ രീതിയിലുള്ള പരിഷ്കരണങ്ങൾ നടത്താനാണു ലക്ഷ്യമിടുന്നത്.
പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ സിഗ്നൽ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങിയതായി നഗരസഭാ ചെയർമാൻ വി.എം. സിറാജ് പറഞ്ഞു.