കണമല: സംസ്ഥാന ലൈഫ് പാർപ്പിട പദ്ധതിയിൽ പിആർഡി വകുപ്പിന്റെ പോസ്റ്ററിലുണ്ട് എരുത്വാപ്പുഴ മലവേടർ കോളനിയിലെ കളത്തിപ്ലാക്കൽ മണിയുടെയും വട്ടകത്തറ സുജാതയുടെയും സന്തോഷച്ചിരി. ലൈഫ് പദ്ധതിയിൽ കോളനിയിൽ ആകെ ലഭിച്ച രണ്ട് വീടുകൾ ഇവരുടേതാണ്. ആദിവാസി വിഭാഗത്തിൽപ്പെട്ട ഇവരുടെ ചിത്രങ്ങളാണ് രണ്ടുലക്ഷം വീടുകൾ പൂർത്തിയായതിന്റെ പ്രചാരണ പോസ്റ്ററിൽ ഉൾപ്പെട്ടിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ പദ്ധതി 90 ശതമാനം പൂർത്തിയായി. ഏറ്റവും കൂടുതൽ വീടുകൾ പൂർത്തിയായിരിക്കുന്നത് എരുമേലി പഞ്ചായത്തിലാണ്. പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയായി മൂന്നാം ഘട്ടത്തിലാണിപ്പോൾ. സ്ഥലവും വീടും ഇല്ലാത്തവരാണ് മൂന്നാംഘട്ടത്തിൽ ഗുണഭോക്താക്കളാകുക.
ഇപ്പോൾ അന്തിമ ഘട്ടത്തിലായ രണ്ടാം ഘട്ടത്തിൽ എരുമേലിയിൽ 124 വീടുകളിൽ 120 എണ്ണം പൂർത്തിയായി. കാഞ്ഞിരപ്പള്ളിയിൽ 126 വീടുകളിൽ 116, കൂട്ടിക്കലിൽ 157 വീടുകളിൽ 147, മണിമലയിൽ 31 വീടുകളിൽ 27, മുണ്ടക്കയത്ത് 151 വീടുകളിൽ 134, പാറത്തോട് 127 വീടുകളിൽ 111, കോരുത്തോട് 118 വീടുകളിൽ 105 വീടുകൾ പൂർത്തിയായി. അവശേഷിച്ച വീടുകളുടെ പണികൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ പഞ്ചായത്തുകൾ നൂറു ശതമാനം ലക്ഷ്യം കൈവരിക്കും. ഒപ്പം മൂന്നാം ഘട്ടവും ആരംഭിച്ചിരിക്കുകയാണ്. ഭൂരഹിതർക്ക് സ്ഥലം വാങ്ങാൻ പണം അനുവദിച്ചു കൊണ്ടിരിക്കുന്നു. സ്ഥലം വാങ്ങി രേഖകൾ നൽകുന്ന മുറയ്ക്ക് വീട് നിർമാണത്തിന് ഗഡുക്കളായി ഫണ്ട് നൽകും. ആദ്യം ഇഴഞ്ഞുനീങ്ങിയ പദ്ധതിയിൽ നടപടിക്രമങ്ങളിലെ ചില കർശന നിബന്ധനകളിൽ ഇളവ് വരുത്തിയതോടെയാണ് രണ്ടാം ഘട്ടത്തിൽ കൂടുതൽ വീടുകൾ പൂർത്തിയാക്കാനും പദ്ധതി വിജയമാകാനും കാരണമായത്. വാസയോഗ്യമല്ലാത്ത വീട് ഉള്ളവർക്കാണ് വീട് അനുവദിക്കുക എന്ന വ്യവസ്ഥയിലെ മാനദണ്ഡങ്ങളിൽ സങ്കീർണമായവ ഒഴിവാക്കി. 2017 ഡിസംബറിന് മുന്പ് റേഷൻ കാർഡ് ലഭിച്ചവരെയാണ് ഗുണഭോക്താവായി ഉൾപ്പെടുത്തുക എന്ന നിബന്ധനയിൽ പട്ടികജാതി, വർഗ വിഭാഗങ്ങൾക്ക് ഇളവ് നൽകി. രണ്ടാം ഘട്ടം വിജയത്തിലാകാൻ ഇത് കാരണമായി.
രണ്ടു ലക്ഷം വീടുകൾ പൂ ർത്തീകരിച്ചതിന്റെ സംസ്ഥാനതല ഉദ്ഘാടന സമയത്ത് എല്ലാ പഞ്ചായത്തുകളിലും ഏറ്റവും പ്രായം ചെന്ന ഗുണഭോക്താവിന് വീടിന്റെ താക്കോൽ നൽകുന്ന ചടങ്ങുകൾ നടത്തിയിരുന്നു. എരുമേലിയിൽ തുമരംപാറ സ്വദേശി പൊടിയൻ ആയിരുന്നു മുതിർന്ന ഗുണഭോക്താവ്. പഞ്ചായത്ത് കാര്യാലയത്തിൽ നടന്ന ചടങ്ങിൽ പൊടിയന് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ താക്കോൽ ദാനം നടത്തി ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി കെ.ടി. ഷാജി, പഞ്ചായത്ത് അംഗങ്ങളായ പി. അനിത, അന്നമ്മ രാജു, ഫാരിസ ജമാൽ, സുബ്രഹ്മണ്യൻ, ജെസ്ന നജീബ് തുടങ്ങിയവർ പങ്കെടുത്തു.