കാഞ്ഞിരപ്പള്ളി: പൊടിയഭിഷേകത്തിനു ശേഷം ഇപ്പോൾ ചെളിയഭിഷേകവും. കനത്ത ചൂടിൽ ടൗണ്‍ വെന്തുരുകുന്പോളാണ് ആശ്വാസമായി കാഞ്ഞിരപ്പള്ളിയിൽ വേനൽ മഴയെത്തിയത്. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയോടൊപ്പം എത്തിയ കല്ലും മണ്ണും മിനി സിവിൽസ്റ്റേഷനു സമീപം ദേശീയപാതയിലാകെ നിരന്നു കിടക്കുകയായിരുന്നു. ഇതിനുശേഷം വെയിലായതോടെ വാഹനങ്ങൾ പോകുന്പോൾ രൂക്ഷമായ പൊടിയഭിഷേകമാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്. കൂടാതെ നിരന്നു കിടക്കുന്ന കല്ലുകൾ വാഹനങ്ങൾ പോകുന്പോൾ കാൽനാടയാത്രക്കാരുടെ ദേഹത്തേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും പതിക്കുന്നതും ദുരിതമായിരുന്നു.
ഇതിനിടെ ഇന്നലെ വൈകുന്നേരം വീണ്ടും മഴ പെയ്തത്. ഇതോടെ റോഡിലാകെ ചെളി നിറഞ്ഞിരിക്കുകയാണ്. ചെളിയിൽ തെന്നി ഇരുചക്രവാഹനങ്ങൾ മറിഞ്ഞുവീഴാനുള്ള സാധ്യതയും ഏറെയാണ്. ചെളി പരന്നുകിടക്കുന്നത് സമീപത്തെ വ്യാപാരികളെയും ദുരിതത്തിലാക്കി.
ടൗണിലെ ഓടകൾ അടഞ്ഞ സ്ഥിതിയിലാണെന്നും ഓടകൾ വൃത്തിയാക്കണമെന്നും ദേശീയപാതയിലെ ചെളിയും കല്ലുകളും നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സമീപത്തെ വ്യാപാരികൾ അധികൃതർക്ക് നിവേദനം നൽകാനൊരുങ്ങുകയാണ്.