കോട്ടയം: ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴു പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന മൂന്നു പേരുടെയും ജില്ലാ ആശുപത്രിയിൽ കഴിയുന്ന ഒരാളുടെയും വീടുകളിൽ പൊതു സന്പർക്കമില്ലാതെ കഴിയുന്ന മൂന്നു പേരുടെയും സാന്പിളുകളാണ് പരിശോധനയിൽ നെഗറ്റീവാണെന്ന് കണ്ടെത്തിയത്. വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ദന്പതികളുടെ കുട്ടിയും ഇതിൽ ഉൾപ്പെടുന്നു. ഇതുവരെ ജില്ലയിൽനിന്ന് പരിശോധനയ്ക്കയച്ച 54 സാന്പിളുകളിൽ രണ്ടെണ്ണം പോസിറ്റീവും 34 എണ്ണം നെഗറ്റീവുമായിരുന്നു. 15 സാന്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
മൂന്നു സാന്പിളുകൾ പരിശോധനയ്ക്കെടുക്കാതെ തള്ളി.
നിരീക്ഷണത്തിൽ 13 പേർ
വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളുമായി മൂന്നു പേരെക്കൂടി ആശുപത്രികളിൽ നിരീക്ഷണത്തിലാക്കി. ഇറ്റലിയിൽനിന്നെത്തിയ രണ്ടു പേരെ കോട്ടയം ജനറൽ ആശുപത്രിയിലും കുവൈറ്റിൽനിന്നെത്തിയ മധ്യവയസ്കയെ മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഇപ്പോൾ 13 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
ഹോം ക്വാറന്റയിനിൽ 310 പേർ
ഇന്നലെ 142 പേർക്കു കൂടി വീടുകളിൽ പൊതുസന്പർക്കമില്ലാതെ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയതോടെ ഹോം ക്വാറന്റയിനിൽ ഉള്ളവരുടെ എണ്ണം 310 ആയി. ഇങ്ങനെ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതി എല്ലാ ദിവസവും വിലയിരുത്തുന്നുണ്ട്.
രോഗബാധിതരുമായി സന്പർക്കം;
74 പേരെ കണ്ടെത്തി
രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സന്പർക്കം പുലർത്തിയ (പ്രൈമറി കോണ്ടാക്ട്സ്) 74 പേരെ ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 42 പേർ എറണാകുളം ജില്ലയിൽ രോഗം സ്ഥിരീകരിച്ചവർക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ചവരാണ്. രോഗബാധിതരുമായി അടുത്ത് ഇടപഴകിയവരുമായി സന്പർക്കത്തിൽ ഏർപ്പെട്ടവരായി (സെക്കൻഡറി കോണ്ടാക്ട്സ്) 309 പേരെയാണ് ഇതുവരെ ജില്ലയിൽ കണ്ടെത്തിയിട്ടുള്ളത്.
രോഗബാധിതരുടെ യാത്രാ വിവരം ലഭിച്ചു
രോഗം സ്ഥിരീകരിച്ചവർ ജില്ലയിൽ സന്ദർശിച്ച സ്ഥലങ്ങളും യാത്ര ചെയ്ത വഴികളും കണ്ടെത്തിയിട്ടുണ്ട്. ഇതുൾപ്പെടുന്ന ചാർട്ട് ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിക്കും. ഇവർ എത്തിയ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ കൊറോണ കണ്ട്രോൾ റൂമിൽ റിപ്പോർട്ട് ചെയ്യുകയും പൊതു സന്പർക്കമില്ലാതെ വീടുകളിൽ കഴിയുകയും വേണം. രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ഇവരിൽനിന്നും പരിശോധനയ്ക്കായി സാന്പിളുകൾ ശേഖരിക്കും.
സമസ്തമേഖലയും സ്തംഭനത്തിൽ
കോട്ടയം: കൊറോണ സമസ്തമേഖലകളെയും സ്തംഭിപ്പിച്ചു. ഗതാഗതം, വാണിജ്യം, വിനോദം, ടൂറിസം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളും നിശ്ചലമായി. ലോട്ടറി മുതൽ വഴിയോര വ്യാപാരം വരെ സ്തംഭനാവസ്ഥയിലാണ്. ഹോട്ടലുകളിലും ബസുകളിലും തിരക്കില്ല. കൊറോണ സ്ഥിരീകരിച്ച തിരുവാർപ്പ്, ചെങ്ങളം പ്രദേശത്തുമാത്രമല്ല രോഗബാധിതർ കഴിയുന്ന മെഡിക്കൽ കോളജ് ആർപ്പൂക്കര പ്രദേശങ്ങളിലും ആളനക്കമില്ല. ആശുപത്രി ഒപിയിലും രോഗികളുടെ വരവിൽ കുറവുണ്ട്.
ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയതോടെ ജനങ്ങൾ വീടുകളിൽ കഴിയുന്നു. കുമരകത്ത് വിനോദസഞ്ചാരികളുടെ വരവ് നിലച്ചതോടെ ഹോട്ടലുകളും റിസോർട്ടുകളും ബോട്ടുകളും ആളൊഴിഞ്ഞ നിലയിലെത്തി.