ഉഴവൂർ: പട്ടാപ്പകൽ പലചരക്കുകടയിൽ സാധനങ്ങൾ വാങ്ങാനെത്തി കാൽലക്ഷത്തിലേറെ രൂപ തട്ടി. പഞ്ചായത്ത് ഓഫീസിന് എതിർവശത്തായി പ്രവർത്തിക്കുന്ന പഴം, പച്ചക്കറി, പലചരക്ക് കടയിൽ നിന്നാണ് ഇന്നലെ രാവിലെ നാടകീയമായി പണം തട്ടിയത്. കടയിൽ എത്തിയയാൾ വിവിധ സാധനങ്ങൾ ഓരോന്നായി വാങ്ങി. ഇതിനിടയിൽ ഒരു പട്ടിക നൽകി സാധനങ്ങളെടുക്കാൻ നിർദേശിച്ച ശേഷം പുറത്തേക്ക് പോയി. അടുത്തയാൾ കടയിലെത്തി സാധനങ്ങൾ നൽകിയപ്പോൾ പണത്തിന് ബാക്കി നൽകാനായി മേശയിൽ നോക്കിയപ്പോഴാണ് പെട്ടിയിൽ നിന്ന് പണം നഷ്ടപ്പെട്ടതായി മനസിലാക്കിയത്. പെട്ടിയിൽ സൂക്ഷിച്ചിരുന്ന 26,000 രൂപയും പഴ്സിൽ സൂക്ഷിച്ചിരുന്ന 600 രൂപയും നഷ്ടപ്പെട്ടതായാണ് പറയുന്നത്. ഇതുസംബന്ധിച്ച് ഇന്നലെ വൈകുന്നേരം വരെ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നുണ്ട്.
വിവരമറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചതായി പോലീസ് പറഞ്ഞു. 50 വയസ് തോന്നിക്കുന്ന ഒരാളെ ദൃശ്യങ്ങളിൽ കാണാനാകുമെങ്കിലും മുഖം വ്യക്തമല്ലെന്നാണ് പോലീസ് ഭാഷ്യം.