ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂർ റോഡിന് 13കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കുന്നു. ഇതുസംബന്ധിച്ച സർവേ ജോലികൾ പൂർത്തിയാക്കി. നിർമാണ ജോലികൾ ഉടനെ ആരംഭിക്കും. പത്തുവർഷം മുന്‍പ് കെഎസ്ടിപി നിർമാണം നടത്തിയ ഈ റോഡിന്റെ പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞു താറുമാറായ നിലയിലാണ്.
ചങ്ങനാശേരി-വാഴൂർ റോഡിന്റെ ബോട്ട്ജെട്ടി മുതൽ റെയിൽവേ മേൽപാലം വരെയുള്ള ഭാഗം ബിഎം ആന്‍ഡ് ബിസി നിലവാരത്തിൽ അടുത്തിടെ ടാറിംഗ് നടത്തിയിരുന്നു. റെയിവേ മേൽപാലം മുതൽ പുളിക്കൽകവലവരെയുള്ള 25 കിലോമീറ്റർ ദൂരമാണ് റോഡ് നവീകരണം നടത്തുന്നത്.
ഈ റോഡിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിനുള്ള നടപടികൾക്ക് പ്രാധാന്യം നൽകുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി. റോഡിനു മധ്യത്തിൽ ഡിവൈഡർ ലൈൻ, ഇരുവശങ്ങളിലും ലൈൻ, ഡെലവേറ്റർ, ക്രാഷ് ബാരിയർ, ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവ സുരക്ഷയുടെ ഭാഗമായി സജ്ജമാക്കും.