ചങ്ങനാശേരി: പോലീസ് ക്വാർട്ടേഴ്സിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീഴുന്നത് അപകടഭീഷണി സൃഷ്ടിക്കുന്നു. അടുത്തിടെ മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണ നേരത്ത് സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. മതിലുകൾ തകർന്നു വീഴുന്നതു സംബന്ധിച്ച് പൊതുമരാമത്തു വകുപ്പിന് നേരിട്ട് പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. നാൽപതു ക്വാർട്ടേഴ്സുകളാണ് കോന്പൗണ്ടിലുള്ളത്.
മതിലിനോടു ചേർന്നാണ് മറ്റം പ്രദേശത്തേക്കുള്ള റോഡ് കടന്നുപോകുന്നത്. നിരവധി യാത്രക്കാരാണ് ഈ റോഡിലൂടെ കടന്നു പോകുന്നത്. 28,29,30 നന്പർ ക്വാർട്ടേഴ്സുകളുടെ ഭാഗത്തെ ചുറ്റുമതിലുകൾ ഇപ്പോൾ പൂർണമായും തകർന്ന നിലയിലാണ്.
ക്വാർട്ടേഴ്സിൽ താമസിക്കുന്ന പോലീസുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊതുമരാമത്തു വകുപ്പ് മതിലിന്റെ അളവ് എടുത്തെങ്കിലും നടപടി ഉണ്ടായിട്ടില്ല.
മതിൽ പുതുക്കി നിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റ് എടുത്ത് തിരുവനന്തപുരം ഹെഡ് ഓഫീസിലേക്ക് അയച്ചിട്ടുണ്ടെന്നാണ് പൊതുമരാമത്തുവകുപ്പ് അധികൃതർ പറയുന്നത്.