എരുമേലി: സംഘടനാപരമായി പരസ്പരം എതിരിടുമെങ്കിലും നിർധന കുടുംബത്തിന്റെ വീടിന് കോൺക്രീറ്റ് മേൽക്കൂര നിർമിക്കാൻ ഒരു രൂപാ പോലും പ്രതിഫലം വാങ്ങിയില്ല എരുമേലിയിലെ 25ൽപരം തൊഴിലാളികൾ. സൗജന്യമായി പണികൾ നടത്തിയ തൊഴിലാളികളെ അനുമോദിക്കാൻ തിരക്കുകൾ മാറ്റിവെച്ച് പോലീസ് ഉദ്യോഗസ്ഥർ ഒന്നാകെയെത്തിയെന്നു മാത്രമല്ല സിമന്റും മണലുമൊക്കെ ചുമന്ന് സഹായിക്കുകയും ചെയ്തു. പോലീസും നാട്ടുകാരും ചേർന്ന് മൂന്ന് മാസം മുമ്പ് തറക്കല്ലിട്ട് തുടങ്ങിയ വീട് പണിയാണ് ഇപ്പോൾ മേൽക്കൂര കോൺക്രീറ്റ് ചെയ്യുന്നതിലെത്തിയത് .
ഭർത്താവ് ഉപേക്ഷിക്കുകയും മകൻ മരണപ്പെടുകയും ചെയ്ത മുട്ടപ്പള്ളി കിഴക്കേപ്പാറ വീട്ടിൽ ഓമനയ്ക്കും മക്കളായ രജനി, മഞ്ജു, മല്ലിക എന്നിവർക്കുമാണ് വീട് നിർമിക്കുന്നത്. ഇന്നലെ വീടിന് മേൽക്കൂര ചെയ്ത് വാർത്തത് എരുമേലിയിലെ നാല് യൂണിയനുകളിൽ നിന്ന് 20 തൊഴിലാളികളും കരാറുകാരുടെ അഞ്ച് തൊഴിലാളികളും ഉൾപ്പെടെ 25 തൊഴിലാളികൾ ചേർന്നായിരുന്നു. ആയിരത്തിൽ പരം രൂപ ഒരാൾക്ക് വീതം പണിക്കൂലിയായി ലഭിക്കുന്ന വാർക്ക ജോലിയിൽ ഇവരാരും തന്നെ പ്രതിഫലം വാങ്ങാതെ പണികൾ നടത്തി. ഇത് നാടിന്റെ നന്മയ്ക്ക് തിളക്കം വർധിപ്പിക്കുകയാണെന്ന് തൊഴിലാളികളെയും യൂണിയൻ നേതാക്കളെയും അനുമോദിച്ച കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സന്തോഷ് കുമാർ പറഞ്ഞു. പണികൾ വീക്ഷിക്കാനും സഹായിക്കാനുമായി പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരുമെത്തിയിരുന്നു.
ഡിവൈഎസ്പി സന്തോഷ് കുമാർ, എരുമേലി സി ഐ മധു, എസ്ഐ വിനോദ് എന്നിവർ തൊഴിലാളികളെ സഹായിക്കുകയും പണികൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തു.
ഓമനയ്ക്കും മൂന്ന് പെൺ മക്കൾക്കും ഇത്തിരിപ്പോന്ന ഒറ്റ മുറി പ്ലാസ്റ്റിക് ഷെഡ് ആണ് വീടായി ആകെ ഉണ്ടായിരുന്നത്. ജനമൈത്രി പദ്ധതിയുടെ ഭാഗമായി ഭവനസന്ദർശനത്തിലൂടെ ഇതറിഞ്ഞ എരുമേലി പോലീസാണ് നാട്ടുകാരുടെ സഹായത്തോടെ വീട് നിർമാണ പദ്ധതി ഒരുക്കിയത്. ഒട്ടേറെ സുമനസുകൾ പങ്കാളികളായതോടെ കഴിഞ്ഞ നവംബർ 14 ന് തറക്കല്ലിടീൽ നടത്തി. എട്ട് ലക്ഷം രൂപ ചെലവിട്ട് കോൺക്രീറ്റ് മേൽക്കൂരയിൽ നിർമിക്കുന്ന വീടിന് സിറ്റൗട്ട്, ഹാൾ, രണ്ട് മുറികൾ, അടുക്കള, കക്കൂസ് എന്നിവയുണ്ടാകും.
ജനമൈത്രി ബീറ്റ് ഓഫീസർമാരായ സബീർ മുഹമ്മദ്, കെ.എസ്. ഷാജി, കോൺട്രാക്ടർമാരായ ഷിജോ മാത്യു കാഞ്ഞിരപ്പള്ളി, നസിം മുട്ടപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് വീടിന്റെ പണികൾ. ഐഎൻടിയുസി, സിഐടിയു, ബിഎംഎസ്, സികെടിയു യൂണിയനുകളിലെ തൊഴിലാളികളാണ് കൂലി വാങ്ങാതെ പണികൾ നടത്തിയത്.