ചിറ്റാനപ്പാറ: തലപ്പലം പഞ്ചായത്തും ഭരണങ്ങാനം പഞ്ചായത്തും അതിരിടുന്ന ചിറ്റാനപ്പാറയിലെ നൂറിൽപ്പരം കുടുംബങ്ങൾക്ക് കുടിവെള്ളമില്ല. വേഴാന്പലിനെപ്പോലെ വെള്ളം കാത്തിരിക്കുകയാണിവർ. എവിടെ നിന്നു വെള്ളം കിട്ടുമെന്ന പ്രതീക്ഷയിൽ വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഇവരുടെ ദുരിതം കാണാൻ അധികാരികളും ജനപ്രതിനിധികളും കണ്ണു തുറക്കുന്നുമില്ല.
ചിറ്റാനപ്പാറ ജലനിധി പദ്ധതിയിൽ നിന്നാണ് ഈ ഭാഗത്തെ 128 കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടിയിരുന്നത്. ഇതിനായി അഞ്ചാനിക്കൽ തോട്ടിൻകരയിൽ കിണറും ചിറ്റാനപ്പാറ തറപ്പേൽ ഭാഗത്ത് കാൽലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കും സ്ഥാപിച്ചിരുന്നു. ഗുണഭോക്തൃസമിതിയുടെ നേതൃത്വത്തിലാണ് ജലവിതരണം. എന്നാൽ കൊടുംവേനലിൽ പദ്ധതിയുടെ കിണറ്റിലെ ജലനിരപ്പ് പെട്ടെന്ന് താഴ്ന്നു. കഴിഞ്ഞ ദിവസം മഴ പെയ്തെങ്കിലും കുടിവെള്ളക്ഷാമത്തിന് പരിഹാരമായിട്ടില്ല.
മുപ്പതിനായിരം മുതൽ മുപ്പത്തയ്യായിരം വരെ ലിറ്റർ വെള്ളം അടിച്ചെങ്കിലേ 128 കുടുംബങ്ങളിലും സാമാന്യ ഉപയോഗത്തിന് വെള്ളം തികയുകയുള്ളൂവെന്ന് ജലനിധി പദ്ധതി പ്രസിഡന്റ് കുരുവിള ജോസഫ് പറയുന്നു. പക്ഷേ ഇപ്പോൾ പ്രതിദിനം കിട്ടുന്നത് കേവലം ആറായിരം ലിറ്റർ വെള്ളം മാത്രം. ഇതുവഴി ഒരു കുടുംബത്തിന് ദിവസവും 100 ലിറ്റർ വെള്ളം കിട്ടിയാലായി. സാന്പത്തികമായി ഉയർന്ന കുടുംബങ്ങൾ 600 രൂപാ മുടക്കി 3000 ലിറ്റർ വെള്ളം ടാങ്കർ ലോറി വഴി ശേഖരിക്കുകയാണിപ്പോൾ. പക്ഷേ പാവപ്പെട്ടവർക്കു ഇതു സാധിക്കുന്നില്ല.
ചിറ്റാനപ്പാറ, കുന്നനാകുഴി, കോനൂക്കുന്ന് ഭാഗങ്ങളിലാണ് വെള്ളക്ഷാമം അതിരൂക്ഷമായിട്ടുള്ളത്. തലപ്പലം പഞ്ചായത്തിലെ 11-ാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണിത്.
ചിറ്റാനപ്പാറയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള ബൃഹദ് പദ്ധതിക്കുള്ള നിർദേശം മാണി സി. കാപ്പൻ എംഎൽഎയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. 25 ലക്ഷത്തിന്റെ ഈ പദ്ധതി യാഥാർഥ്യമായാൽ ചിറ്റാനപ്പാറ, കീഴന്പാറ ജലനിധി പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിനു ശാശ്വത പരിഹാരമാകുമെന്നും പറയുന്നു.