കുറവിലങ്ങാട്: കൊറോണ വൈറസിനെ തുരത്താൻ നിയന്ത്രണങ്ങൾ ശക്തമാക്കി നാട്. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ജാഗ്രതയിൽ മുന്നേറാമെന്നുമുള്ള നിലപാടിലാണ് നാട്.
സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതോടെ തന്നെ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നവരുടെ എണ്ണം നന്നേ കുറഞ്ഞു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ രണ്ടുദിവസവും കൃത്യമായി നടത്താനായി. മതിയായ ജാഗ്രതയോടെയാണ് പരീക്ഷാ നടത്തിപ്പ്. പരീക്ഷയ്ക്ക് ശേഷം പതിവുള്ള സ്കൂളിലെ പഠനവും പരിശീലനവുമൊന്നും ഇക്കുറിയില്ല. പരീക്ഷ കഴിഞ്ഞാലുടൻ വിദ്യാർഥികളോട് വീടുകളിൽപ്പോകാനാണ് നിർദേശം. സ്വകാര്യ വാഹനങ്ങളെയാണ് വിദ്യാർഥികളേറെയും ആശ്രയിക്കുന്നത്. പരീക്ഷാഹാളുകളിലും മതിയായ അറിയിപ്പുകൾ നൽകുന്നുണ്ട്. ഹസ്തദാനമടക്കം നിയന്ത്രിക്കാൻ വിദ്യാർഥികളെ ബോധവത്കരിക്കുന്നുണ്ട്.
ദേവാലയങ്ങളിലും ക്ഷേത്രങ്ങളിലും പതിവുള്ളതുപോലെ മാത്രമാണ് ചടങ്ങുകൾ നടക്കുന്നത്. പ്രത്യേക സമ്മേളനങ്ങളും യോഗങ്ങളും പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.
വിശ്വാസികൾ കൂടുതൽ ഒരുമിച്ചുചേരുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ധ്യാനം, കണ്വൻഷൻ, ആരാധന എന്നിവയൊന്നും നടത്തേണ്ടതില്ലെന്ന് പാലാ രൂപതാധ്യക്ഷൻ ഇടവകകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കോഴാ സെന്റ് ജോസഫ് കപ്പേളയിൽ 19 ന് നിശ്ചയിച്ചിരുന്ന ഊട്ടുനേർച്ച ഈ വർഷം നടത്തേണ്ട തില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.
രാഷ്ട്രീയപാർട്ടി നേതൃത്വങ്ങൾ സമ്മേളനങ്ങളും യോഗങ്ങളും ഉപേക്ഷിച്ചു. ത്രിതല പഞ്ചായത്തുകൾ ലക്ഷ്യമിട്ടിരുന്ന ഉദ്ഘാടനങ്ങളടക്കമുള്ള പരിപാടികളും മാറ്റിവച്ചിട്ടുണ്ട്. സാന്പത്തിക വർഷാവസാനത്തോടെ വിവിധ പദ്ധതികളുടെ പൂർത്തീകരണങ്ങൾ നടക്കുമെങ്കിലും ജനപങ്കാളിത്തത്തോടെയുള്ള ഉദ്ഘാടനങ്ങൾക്ക് സാധ്യതയില്ലെന്നതാണ് സ്ഥിതി.