ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വിദേശ രാജ്യങ്ങളിൽനിന്നും എത്തിയ 38 പേർ വീടുകളിൽ നിരീക്ഷണത്തിൽ. ഏറ്റുമാനൂർ, പുന്നത്തുറ, പേരൂർ പ്രദേശങ്ങളിലെ വീടുകളിലാണ് ഇവർ നിരീക്ഷണത്തിൽ കഴിയുന്നത്.
ഇറ്റലി, ഖത്തർ, ബഹ്റൈൻ, ഇംഗ്ലണ്ട്, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നും എത്തിയവരാണിവർ. ഇവർക്കാർക്കുംതന്നെ രോഗലക്ഷണങ്ങൾ കണ്ടിട്ടില്ലെന്നും മുൻകരുതലിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിലാണെന്നും ഏറ്റുമാനൂർ എഎംഒ ഡോക്ടർ സജിത്ത് കുമാർ പറഞ്ഞു. 10 പേർ നിരീക്ഷണ ദിവസങ്ങൾ പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളിൽനിന്ന് എത്തുന്ന 95 ശതമാനം പേരും നേരിട്ട് ആരോഗ്യ വിഭാഗത്തിൽ ബന്ധപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈറസ് ബാധ തടയാനുള്ള നഗരസഭയുടെ പ്രവർത്തനങ്ങങ്ങളും ഊർജിതമാക്കി. സ്വകാര്യ - കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ യാത്രക്കാരുടെ ശുചിത്വം മുൻനിർത്തി കൈകൾ കഴുകുന്നതിനും മറ്റുമായി സാനിറ്റൈസറുകൾ ഉൾപ്പെടെ വാഷ് ബേസിനുകൾ ഇന്ന് സ്ഥാപിക്കും.
നഗരസഭാ ഓഫീസിലും സൗകര്യമുണ്ടാകും. ഓഡിറ്റോറിയങ്ങൾ 31 വരെ പരിപാടികൾക്ക് നൽകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ അധികൃതർ പരിശോധന നടത്തും.