്സെന്റ് മേരീസ്
കത്തീഡ്രലിൽ
ക്രമീകരണങ്ങൾ
ഏർപ്പെടുത്തി
മണർകാട്: കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ദൈവമാതാവിന്റെ ഇടക്കെട്ട് വണങ്ങിപ്പോകുന്നതിനുള്ള സൗകര്യമുണ്ട്, ഉൗറാറ ചുംബിക്കുന്നത് താത്കാലികമായി നിർത്തി. കൈമുത്ത്, സ്ലീബാ മുത്ത്, കൈയസ്തൂരി സ്പർശനം എന്നിവയും താത്കാലികമായി ഒഴിവാക്കി.
വെള്ളിയാഴ്ച ധ്യാനത്തിന് ശേഷമുള്ള നേർച്ചകഞ്ഞിയും നിർത്തിവച്ചു. വലിയ നോന്പ് കണ്വൻഷൻ സ്നേഹ ദീപ്തിയുടെ തുടർന്നുള്ള യോഗങ്ങൾ നടത്തേണ്ടെന്നും തീരുമാനിച്ചു.
വിവാഹം, മാമോദീസാ, ശ്രാദ്ധം എന്നിവയുടെ സദ്യകൾ നിയന്ത്രിക്കുവാനും ശവസംസ്കാര ശുശ്രൂഷകളിൽ ആൾക്കൂട്ടം കൂടുന്നത് നിയന്ത്രിക്കുന്നതിനും ലഘുസത്കാരം നിയന്ത്രിതമായി മാത്രം നടത്തുവാനും തീരുമാനിച്ചു. കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന 16 സണ്‍ഡേ സ്കൂളുകൾക്കും താത്കാലികമായി അവധി പ്രഖ്യാപിച്ചു.
വിശുദ്ധ കുർബാന, കുന്പസാരം എന്നീ കൂദാശകളിൽ താത്കാലികമായി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്രാർഥനയ്ക്കായി പള്ളിയിൽ പ്രവേശിക്കുന്പോൾ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുവാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൗണ്ടർ, എണ്ണ കൗണ്ടർ, നമസ്കാര മേശ, ആളുകൾ കൂടുതൽ സ്പർശിക്കുന്ന മറ്റ് സ്ഥലങ്ങൾ എന്നിവ സ്പിരിറ്റ് ഉപയോഗിച്ച് ക്ലീൻ ചെയ്യുന്നതിനും ക്രമീകരണം ഏർപ്പെടുത്തി.
ഏകദിന കണ്വൻഷൻ
അതിരന്പുഴ: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വെള്ളിയാഴ്ചകളിൽ നടക്കുന്ന ഏകദിന കണ്‍വൻഷനും കുരിശിന്റെ വഴിയും ഉണ്ടായിരിക്കുന്നതല്ലെന്ന് വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ അറിയിച്ചു. 19നു വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളിനോടനുബന്ധിച്ചുള്ള ഉൗട്ടുനേർച്ചയും ഉണ്ടായിരിക്കുന്നതല്ല.
‘മീനടോത്സവം’
മീനടം: പഞ്ചായത്ത്, മീനടം പ്രവാസി അസോസിയേഷൻ യുഎഇ, കേരള നേറ്റീവ് ബോൾ ഫെഡറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടക്കുന്ന “മീനടോത്സവം’’ 2020ലെ അഖില കേരള നാടൻ പന്തുകളി മത്സര പരന്പരയിലെ തുടർന്നുള്ള മത്സരങ്ങൾ കൊറോണ രോഗത്തിന്റെ പശ്ചാത്തലത്തിൽ മീനടം പഞ്ചായത്ത്, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവരുടെ നിർദേശാനുസരണം മാറ്റിവച്ചു.
ഇന്റർവ്യൂ
കോട്ടയം: സർക്കാർ മെഡിക്കൽ കോളജിലെ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്കു 16 മുതൽ 19 വരെ തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. പുതുക്കിയ തീയതികൾ പീന്നിട് അറിയിക്കും.
കുടുംബയോഗം
ചെങ്ങളം: കൊറോണ വൈറസ് ജാഗ്രതതയെ തുടർന്ന് സിഎസ്ഡിഎസ് 277-ാം നന്പർ ചെങ്ങളം സൗത്ത് കുടുംബയോഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ പുരുഷ - വനിതാ ചെസാം മൈക്രോ ഫിനാൻസ് യൂണിറ്റുകളുടെ യോഗങ്ങളും, കുടുംബയോഗവും 31 വരെ നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.