കോട്ടയം: കൊറോണ വൈറസ് പ്രതിരോധത്തിനായി മുഖാവരണം ഉപയോഗിക്കുന്നതിനേക്കാൾ പ്രധാനം ആളുകൾ കൂട്ടം കൂടുന്ന സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുകയാണ്. പനി, ചുമ തുടങ്ങിയവയുള്ളവരും വിദേശത്തുനിന്ന് എത്തിയ രോഗലക്ഷണങ്ങൾ ഇല്ലാത്തവരും ആരോഗ്യ വകുപ്പ് നിർദേശിച്ച കാലയളവിലേക്ക് പൊതുസന്പർക്കം ഒഴിവാക്കണം.
രോഗം വരില്ലെന്ന അമിത ആത്മവിശ്വാസത്തോടെ മുഖാവരണം ധരിച്ച് ആൾക്കൂട്ടങ്ങളിലേക്ക് ഇറങ്ങുന്നതും ആരോഗ്യവകുപ്പിന്റെ മുൻകരുതൽ നിർദേശങ്ങൾ അവഗണിക്കുന്നതും അപകടകരമാണ്. ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയുന്നത് രോഗം പകരുന്നതിന് കാരണമാകും.
അതുകൊണ്ടുതന്നെ സാധാരണ ജനങ്ങൾ മുഖം മറയ്ക്കുന്നതിന് തൂവാല ഉപയോഗിക്കുന്നതാണ് ഉചിതം. ഇങ്ങനെ ഉപയോഗിക്കുന്ന തൂവാല ശുചിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. എന്നാൽ നേരിയ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുമായി ആശുപത്രിയിലേക്ക് വരുന്നവർക്ക് മാസ്ക് ഉപയോഗിക്കാം. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനാണിത്. ഒപിയിലെ ഡോക്ടർമാർ, ആശുപത്രികളിലെ മറ്റു ജീവനക്കാർ തുടങ്ങിയവർ മൂന്നു ലെയർ മാസ്കാണ് ഉപയോഗിക്കുന്നത്. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള രോഗികളെ പരിചരിക്കുന്ന ഡോക്ടർമാരും ജീവനക്കാരും എൻ 95 മാസ്ക് ഉപയോഗിക്കണം.