കാഞ്ഞിരപ്പള്ളി: കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത, ഫൊറോന, യൂണിറ്റ് തലങ്ങളിൽ ഈ മാസം നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പ്രോഗ്രാമുകളും ഭാരവാഹികൾക്കായി 14ന് പാലാരിവട്ടം പിഒസിയിലും 15 ന് രൂപത പാസ്റ്ററൽ സെന്ററിലും നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിനിധി സമ്മേളനവും മാറ്റിവെച്ചതായി പ്രോഗ്രാം കോ-ഓർഡിനേറ്റർ ജെയിംസ് പെരുമാകുന്നേൽ, ഓഫീസ് സെക്രട്ടറി ജോജോ തെക്കുംചേരിക്കുന്നേൽ എന്നിവർ അറിയിച്ചു.
മുണ്ടക്കയം: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള സർക്കാർ നടപടികളുടെ ഭാഗമായി ചിറ്റടി സെന്റ് ജോർജ് പള്ളിയിൽ ശനിയാഴ്ചകളിൽ നടത്തപ്പെടുന്ന ഏകദിന ധ്യാനം ഈ മാസം ഉണ്ടായിരിക്കുന്നതല്ലെന്ന് ഫാ. മാത്യു പുത്തൻപുരയിൽ അറിയിച്ചു.
മുണ്ടക്കയം: ശനിയാഴ്ച്ച മുണ്ടക്കയത് നടത്താനിരുന്ന യൂത്ത്ഫ്രണ്ട് എം പൂഞ്ഞാർ നിയോജക മണ്ഡലം കൺവൻഷൻ മാറ്റി വച്ചതായി നിയോജക മണ്ഡലം പ്രസിഡന്റ് ജാൻസ് വയലിക്കുന്നേൽ അറിയിച്ചു.
മുക്കൂട്ടുതറ: നാഷണൽ എക്സ് സർവീസ് മെൻ കോഓർഡിനേഷൻ കമ്മിറ്റി മുക്കൂട്ടുതറ യൂണിറ്റ് 14ന് നടത്താനിരുന്ന പൊതുയോഗം മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.
എരുമേലി: കോൺഗ്രസ് നേതാവ് രാധിക വിജയകുമാർ പങ്കെടുക്കുന്ന എരുമേലിയിലെ പൊതുപരിപാടി കൊറോണ വൈറസ് രോഗ സാധ്യത ഒഴിവാക്കുന്നതിന്റെ നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിവെച്ചെന്ന് നേതൃത്വം അറിയിച്ചു. പൗരത്വ നിയമ പ്രശ്നത്തിൽ സിപിഎം നടത്താനിരുന്ന പരിപാടികളും ഉപേക്ഷിച്ചു. തുമരംപാറയിൽ ഡിവൈഎഫ്ഐ നടത്താനിരുന്ന പൗരത്വ നിയമ വിശദീകരണ യോഗവും മാറ്റിവെച്ചു. കട ഉദ്ഘാടനം, നവീകരിച്ച കടയുടെ ഉദ്ഘാടനം ഉൾപ്പെടെയുള്ള പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്.
സമരം മാറ്റിവച്ചു
കോരുത്തോട്: പഞ്ചായത്ത് ജനപ്രതിനിധികൾ ഭൂജല വകുപ്പിന്റെ കോട്ടയം ജില്ലാ ഓഫീസിനു മുന്നിൽ നടത്തുവാൻ നിശ്ചയിച്ച ധർണ സമരം ജില്ലാ ഓഫീസർ രേഖാ മൂലം നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ മാറ്റി വയ്ക്കാൻ പഞ്ചായത്ത് തീരുമാനിച്ചു. 15 ദിവസത്തിനകം കുഴൽ കിണറുകളുടെ പണി പൂർത്തീകരിച്ചു നൽകുമെന്ന ഉറപ്പാണ് പഞ്ചായത്തിന് ലഭിച്ചിട്ടുള്ളത്. നിലവിൽ കുഴൽ കിണറുകൾക്കു ഹാൻഡിൽ പിടിപ്പിച്ചു തുടങ്ങിക്കഴിഞ്ഞു. പണികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിയാതെ വന്നാൽ സമരം ശക്തമായി നടത്തുമെന്നും പ്രസിഡന്റ് അറിയിച്ചു.
പഠനോത്സവം നടത്തി
ഉരുളികുന്നം: എലിക്കുളം എംജിഎം യുപി സ്കൂളിന്റെ പഠനോത്സവം താഷ്കന്റ് പബ്ലിക് ലൈബ്രറിയിൽ നടത്തി. വിഷചികിത്സകൻ വയലിൽ പടിഞ്ഞാറേതിൽ ശ്രീധരൻ നായർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എ.പി. വിശ്വം അധ്യക്ഷത വഹിച്ചു. ജെയിംസ് ജീരകത്ത്, മാത്യൂസ് പെരുമനങ്ങാട്ട്, ടോമി കപ്പിലുമാക്കൽ, ബിസ്നി സെബാസ്റ്റ്യൻ, പി.എസ്. അശോക് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ശ്രീധരൻ നായർ വയലിൽപടിഞ്ഞാറേതിൽ, ആനന്ദഭവനം ശ്രീനിവാസൻ നായർ തുടങ്ങിയവരെ ആദരിച്ചു.